അംറേലി :പിതാവിന്‍റെ കൺമുന്നിൽവച്ച് അഞ്ചുവയസുകാരിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ അംറേലിയിൽ കടയ സ്വദേശിയായ മഹേഷ്ഭായ് ജോറൂഭായ് ധാദർ എന്ന കർഷകന്‍റെ മകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ധാദർ നോക്കിനിൽക്കെ മകളെ സിംഹം അര കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നാടിനെ നടുക്കിയ സംഭവം :അംറേലി വനത്തിന് സമീപമുള്ള കടയ ഗ്രാമത്തിൽ തിങ്കളാഴ്‌ച രാത്രിയോടെയാണ് (ഏപ്രിൽ 02) സംഭവം. തന്‍റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ സിംഹം ഒപ്പമുണ്ടായിരുന്ന മകളെ ആക്രമിക്കുകയായിരുന്നു. നിസഹായനായ ധാദറിന്‍റെ നിലവിളി കേട്ട് ഓടിക്കൂടിയ ഗ്രാമവാസികൾ സിംഹത്തിന് നേരെ കല്ലെറിഞ്ഞ് വിരട്ടിയോടിച്ചു. ഇതോടെ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് സിംഹം ഓടിപ്പോയി.
പെൺകുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം ആക്രമണത്തിനിരയായ പെൺകുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ ക്ഷുഭിതരായ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനമാണുന്നയിക്കുന്നത്. വന്യജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങിയിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാടിറങ്ങുന്ന സിംഹങ്ങളെ കാട്ടിലേക്ക് തിരികെ വിടാതെ കൊല്ലണമെന്നും രോഷാകുലരായ നാട്ടുകാർ ആവശ്യപ്പെടുന്നു.
വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര നടപടി ആവശ്യപ്പെട്ട നാട്ടുകാർ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയും ചെയ്‌തു. ആക്രമണം നടന്ന പ്രദേശത്തുള്ള കുളത്തിൽ സാധാരണയായി സിംഹങ്ങൾ വെള്ളം കുടിക്കാനും വേട്ടയ്‌ക്കുമായി എത്താറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ മേഖലയിൽ മനുഷ്യർക്ക് നേരെയുള്ള വന്യജീവി ആക്രമണം വിരളമല്ല. ഗുജറാത്തിലെ മിക്ക വനപ്രദേശങ്ങളും വരണ്ടുണങ്ങിയ അവസ്ഥയായതിനാലാണ് മൃഗങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി ഇവിടേക്ക് കാടിറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.