ബെംഗളുരു: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരു അറസ്റ്റിൽ. വ്യാഴാഴ്‌ച(01.09.2022) രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് ശരണാരുവിനെ അറസ്റ്റ് ചെയ്‌തത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഉച്ചയ്‌ക്ക് 2.45ന് കോടതിയിൽ ഹാജരാക്കിയ ശരണാരുവിനെ നാല് ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. സെപ്‌റ്റംബർ 5 വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്.
ലിംഗായത്ത് മഠം നടത്തുന്ന സ്‌കൂളിലെ രണ്ട് വിദ്യാർഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ ഓഗസ്റ്റ് 26ന് സന്ന്യാസിക്കെതിരെ കേസെടുത്തു.
പോക്‌സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് ശരണാരുവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ശരണാരു ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്ന് പറഞ്ഞു.
കർണാടക ജനസംഖ്യയുടെ 17% വരുന്ന ലിംഗായത്തുകൾ സംസ്ഥാന രാഷ്‌ട്രീയത്തിൽ നിർണായക വോട്ടുബാങ്കാണ്. കർണാടക രാഷ്‌ട്രീയത്തിൽ വലിയ ആധിപത്യമാണ് ഇവർക്കുള്ളത്. സംസ്ഥാനത്തെ മിക്ക മുഖ്യമന്ത്രിമാരും ഈ സമുദായത്തിൽപ്പെട്ടവരാണ്.