ഭുവനേശ്വര്‍ : ഒഡിഷയില്‍ ഇന്നലെ (സെപ്‌റ്റംബര്‍ 2) ഉണ്ടായ ഇടിമിന്നലില്‍ പത്ത് പേര്‍ മരിച്ചു (Lightning In Odisha). സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആറ് ജില്ലകളില്‍ നിന്നുള്ളവരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് സംസ്ഥാനത്തെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റിലീഫ് കമ്മിഷണര്‍ (SRC) അറിയിച്ചു.
ഖോര്‍ധ ജില്ലയില്‍ നാലു പേര്‍, ബൊലാന്‍ഗീറില്‍ രണ്ടുപേര്‍, അംഗുല്‍ ജില്ല, ബൗധ്, ജഗത്സിങ്പുര്‍, ധേന്‍കനാല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരും ഖോര്‍ധ ജില്ലക്കാരാണെന്നും എസ്‌ആര്‍സി അറിയിച്ചു (Odisha Lightning people lost lives).
'ഇന്ന് (02.09.2023) ഇടിമിന്നലില്‍ 6 ജില്ലകളിലായി 10 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അംഗുല്‍-01, ബൊലാന്‍ഗിര്‍-02, ബൗധ്-01, ജഗത്സിങ്പുര്‍-01, ധേന്‍കനാല്‍-01, ഖോര്‍ധ-4 (ഒപ്പം 03 പേര്‍ക്ക് പരിക്കേറ്റു)' - സ്‌പെഷ്യല്‍ റിലീഫ് കമ്മിഷണര്‍ ഇന്നലെ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മെയ് മാസത്തില്‍ ഉണ്ടായ ഇടിമിന്നലില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. നയാഗര്‍ ജില്ലയിലെ ശരണകുല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളിലാണ് മെയില്‍ ഇടിമിന്നല്‍ ദുരന്തം വിതച്ചത്.
ബിഹാറില്‍ അടുത്തിടെ ഇടിമിന്നലേറ്റ് മരിച്ചത് നിരവധി പേര്‍ : ബിഹാറില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ 24 മണിക്കൂറിനിടെ 26 പേര്‍ മരിച്ചിരുന്നു. റോഹ്താസ് ജില്ലയില്‍ നിന്നുള്ള 10 പേര്‍, ജെഹാനാബാദ്, ബക്‌സര്‍, ജമുയി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ബങ്ക, ബയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ഔറംഗാബാദില്‍ ഒരാളുമാണ് മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തുകയും ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ഇക്കഴിഞ്ഞ ജൂണിലും ബിഹാറില്‍ ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിക്കാനിടയായിരുന്നു. 13 പേരാണ് ജൂണ്‍ 30ന് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇടിമിന്നലേറ്റ് മരിച്ചത്. നവാഡ മേഖലയില്‍ നിന്നുള്ള മൂന്ന് പേരും ഷെയ്‌ഖ്‌പുര - ലഖിസാരായിയില്‍ നിന്നുള്ള രണ്ട് പേരും ഗയയില്‍ നിന്നുള്ള രണ്ടുപേരും മുൻഗറില്‍ നിന്നുള്ള രണ്ട് പേരും ജാമുയി, സിവാൻ, കതിഹാർ, ഖഗാരിയ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇതില്‍ ആറ് പേര്‍ കര്‍ഷകരായിരുന്നു. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.