തേസ്‌പൂർ (അസം) : മെയ്‌തി വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കൗമാര പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കംഗുജം (Licypriya Kangujam About Meitei Students Murder). ഹേമാൻജിത്ത് (20), ലിന്തോഗാംബി (17) എന്നീ മെയ്‌തി വിദ്യാർഥികൾ ജൂലൈയിൽ കൊല്ലപ്പെട്ടിരുന്നു. വിദ്യാർഥികളുടെ മരണത്തിൽ ലിസിപ്രിയ കംഗുജം ദുഃഖം രേഖപ്പെടുത്തുകയും തന്‍റെ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും അഭ്യർഥിച്ചു (Manipur violence).
എക്‌സിലൂടെയാണ് (നേരത്തെ ട്വിറ്റർ) ലിസിപ്രിയയുടെ പ്രതികരണം. വീഡിയോ സന്ദേശമായാണ് ലിസിപ്രിയ തന്‍റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ മണിപ്പൂരിന്‍റെ ആശങ്കകൾക്ക് മുൻഗണന നൽകാനും നിർണായക നടപടിയെടുക്കാനും ലിസിപ്രിയ അദ്ദേഹത്തോട് അഭ്യർഥിച്ചു.
'പ്രിയപ്പെട്ട നരേന്ദ്ര മോദി ജി, ഇത് നിങ്ങൾക്കുള്ള എന്‍റെ അടിയന്തര സന്ദേശമാണ്. നിങ്ങൾ പെരുമാറുന്ന രീതി മണിപ്പൂർ അർഹിക്കുന്നില്ല. നിങ്ങളുടെ മൗനം ഒരു പരിഹാരമല്ല. സമാധാനത്തിനായി കൂടുതൽ ജീവൻ ബലിയർപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ, നിങ്ങളുടെ പരാജയങ്ങൾക്ക് കുട്ടികളുടെ ജീവൻ ബലിയർപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മണിപ്പൂരിന് നീതി വേണം, ലിന്തോഗാംബിക്കും ഹേമാൻജിത്തിനും നീതി വേണം'- ലിസിപ്രിയ (Licypriya Kangujam) പറഞ്ഞു.
'നിരപരാധികളായ ലിന്തോഗാംബിയെയും ഹേമാൻജിത്തിനെയും കുക്കിസ് ഭീകരർ കൊലപ്പെടുത്തി. അവരെ ശിക്ഷിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ആത്മഹൂതി ചെയ്യുന്നതടക്കമുള്ള കടുത്ത നടപടി പോലും ഞാൻ സ്വീകരിച്ചേക്കാം. അവരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി, അവർ നഗ്നരായി പരേഡ് ചെയ്യപ്പെടാത്തതിനാൽ നിങ്ങൾ ഇപ്പോഴും നിശബ്‌ദനാണ്. ഇത് അസ്വീകാര്യമാണ്. ഇതാണോ നിങ്ങളുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ അതോ സ്ത്രീ ശാക്തീകരണത്തിന്‍റെ മാതൃക?' ലിസിപ്രിയ കുറിച്ചു.
ആയിരക്കണക്കിന് സ്‌കൂളുകൾ അവശിഷ്‌ടങ്ങളായി മാറുകയും ഒരു ലക്ഷത്തിലധികം ആളുകൾ ഷെൽട്ടർ ക്യാമ്പുകളിൽ അഭയം തേടാൻ നിർബന്ധിതരാവുകയും ചെയ്‌തു. മണിപ്പൂരിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ പ്രതിസന്ധിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനുള്ള മുൻ ശ്രമങ്ങൾക്ക് പിന്നാലെയാണ് ലിസിപ്രിയ വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലും ലിസിപ്രിയ എക്‌സിൽ മണിപ്പൂർ സംഘർഷത്തിൽ നരേന്ദ്രമോദിയുടെ മൗനത്തെ വിമർശിച്ച് പോസ്റ്റ് ഇട്ടിരുന്നു. 'മണിപ്പൂരിൽ ജീവിക്കുന്നത് ഇപ്പോൾ നരകതുല്യമാണ്. നന്ദി നരേന്ദ്ര മോദി, നിങ്ങളുടെ മൗനം എരിതീയിൽ എണ്ണ ഒഴിക്കുകയാണ്' എന്നായിരുന്നു ലിസിപ്രിയ എക്‌സിൽ കുറിച്ചത്.
രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരെയും കുറച്ച് ദിവസങ്ങളായി കാണാനില്ലായിരുന്നു. പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചുരാചന്ദ്പൂർ ജില്ലയിലെ വിന്‍റർ ഫ്ലവർ ടൂറിസ്റ്റ് സ്‌പോട്ടിന് സമീപമുള്ള ലാംദാനിലാണ് അവരുടെ ലൊക്കേഷൻ അവസാനമായി കാണിച്ചത്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.