ദളപതി വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. പ്രഖ്യാപനം മുതല്‍ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും വളരെ ആകാംഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പങ്കുവച്ചിരിക്കുകയാണ് 'ലിയോ' ടീം.
'ലിയോ'യിലെ ആദ്യ ഗാനത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22നാണ് 'ലിയോ'യിലെ ആദ്യ ഗാനമായ 'നാ റെഡി' എത്തുന്നത്. ദളപതി ആരാധകര്‍ക്കുള്ള മികച്ച ട്രീറ്റ് കൂടിയാണിത്.
നിർമാതാവ് എസ്.എസ്. ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീൻ സ്‌റ്റുഡിയോ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ വിജയ്‌യുടെ ഒരു പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലിയോയിലെ 'നാ റെഡി' ഗാനത്തിന്‍റെ പ്രഖ്യാപന പോസ്‌റ്ററാണിത്.
വായില്‍ സിഗരറ്റ് കടിച്ച് പിടിച്ചുകൊണ്ട് ദൂരേയ്‌ക്ക് വെടിയുതിര്‍ക്കുന്ന വിജയ്‌യെ ആണ് പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്റര്‍ പശ്ചാത്തലത്തില്‍ ഒരു വലിയ പാര്‍ട്ടിയ്‌ക്കിടെ ആളുകള്‍ അവരുടെ കയ്യിലെ വൈന്‍ ഗ്ലാസുകള്‍ മുകളിലേയ്‌ക്ക് ഉയര്‍ത്തിപിടിച്ച് നില്‍ക്കുന്നതും കാണാം. ഇതുവരെ ചിത്രത്തിന്‍റേതായി പുറത്തുവിട്ട സ്‌റ്റില്ലുകളിലും ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് പ്രൊമോയിലുമൊക്കെ കണ്ട വിജയ്‌യുടെ ലുക്കുകളില്‍ നിന്നും വ്യത്യസ്‌തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്‌റ്ററില്‍ ദൃശ്യമാവുക.
ലിയോയുടെ ആദ്യ സിംഗിൾ 'നാ റെഡി' ഒരു മികച്ച ട്രീറ്റായിരിക്കുമെന്നാണ് പ്രതീക്ഷ. കാരണം റോക്ക്‌സ്‌റ്റാര്‍ അനിരുദ്ധ് രവിചന്ദറാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ്, ലോകേഷ് കനകരാജ് എന്നിവര്‍ക്കൊപ്പമുള്ള അനിരുദ്ധിന്‍റെ ആദ്യ സഹകരണം അല്ലിത്. 2021ല്‍ പുറത്തിറങ്ങിയ വിജയ്-ലോകേഷ് കനകരാജ് ചിത്രം 'മാസ്‌റ്ററി'ന് വേണ്ടിയും അനിരുദ്ധ് ഇതേ ടീമിനൊപ്പം കൂടിയിരുന്നു.
ഒരു സെലിബ്രേഷന്‍ ട്രാക്കാണ് നാ 'റെഡി' എന്നും സൂചനയുണ്ട്. ദേശീയ അവാർഡ് ജേതാവ് ദിനേശ് മാസ്‌റ്ററുടെ കൊറിയോഗ്രാഫിയിൽ മികച്ച ഡാന്‍സ് നമ്പറുമായാണ് ഈ ഗാനത്തിന് വിജയ് എത്തുന്നത്. അതേസമയം ഗായകരെ കുറിച്ചോ, ഗാനരചയിതാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം വിജയ് ആകും ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു.
അതേസമയം വിജയ്‌യുടെ ജന്മദിനം അടുക്കുന്ന സാഹചര്യത്തില്‍ 'ലിയോ' ടീം എന്താണ് ആസൂത്രണം ചെയ്യുന്നത് എന്നതിനായുള്ള കാത്തിരിപ്പ് തുടരും. ഒക്‌ടോബര്‍ 19നാകും ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തുക. തൃഷയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യും തൃഷയും 'ലിയോ'യിലൂടെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.
കൂടാതെ സഞ്ജയ് ദത്ത്, അർജുൻ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി മാസ്‌റ്റര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. മലയാളി താരം മാത്യു തോമസ് ഉൾപ്പെടെയുള്ളവരും സിനിമയുടെ ഭാഗമാകും. എസ്.എസ് ലളിത് കുമാര്‍, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലോകേഷ് കനകരാജും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കും.
Also Read:വിജയ് ചിത്രം 'ലിയോ' പൂജ റിലീസ്; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്