റാഞ്ചി : ഭരണകക്ഷിയിലെ 43 എംഎല്‍എമാരുമായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ തിരിച്ചെത്തി. സംസ്ഥാനത്തെ ഖുന്തിയിലെ ലട്രാതു ഡാമിന് സമീപത്തെ റിസോര്‍ട്ടില്‍ ഇന്ന് (ഓഗസ്റ്റ് 27) വൈകിട്ട് എത്തിയതായുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. പിന്നാലെ, എട്ടരയോടെയാണ് റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇവര്‍ തിരിച്ചെത്തിയത്.
അതേസമയം, മടങ്ങിയെത്തിയ എംഎല്‍എമാരുടെ യോഗം വിളിച്ച് ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ്. രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് മൊറാബാദിയിലെ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയിലെ നിയമസഭ അംഗങ്ങളുടെ യോഗം വിളിച്ചതെന്നാണ് വിവരം. ജാർഖണ്ഡ് കോൺഗ്രസില്‍ എഐസിസി ചുമതലയുള്ള അവിനാഷ് പാണ്ഡെ, സംസ്ഥാന പ്രസിഡന്‍റ് രാജേഷ് താക്കൂർ എന്നിവര്‍ നേതൃത്വം നല്‍കി.
വൈറലായി ഖുന്തി ബോട്ട് സവാരി:ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്നണിയിലെ എംഎല്‍എമാരുമായി അദ്ദേഹം ഖുന്തിയിലെ റിസോര്‍ട്ടിലേക്ക് മാറിയത്. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാജേഷ് താക്കൂര്‍, യുപിഎ എംഎൽഎമാര്‍ എന്നിവര്‍ ഖുന്തിയിലെ ഡാമില്‍ ബോട്ട് സവാരി ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ALSO READ|ജാര്‍ഖണ്ഡ് വിടാതെ ഹേമന്ത് സോറനും എംഎല്‍എമാരും ; ഖുന്തിയിലെ റിസോര്‍ട്ടിലേക്ക് ബോട്ട് സവാരി, ചിത്രം വൈറല്‍
ഓഗസ്റ്റ് 27 ന് ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് മൂന്ന് ബസുകളിലായാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിച്ചത്. ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ഗവര്‍ണർ രമേഷ് ഭായിസ്, തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് (ഓഗസ്റ്റ് 27) അനുമതി നല്‍കിയേക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍, ഈ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് റാഞ്ചിയിലേക്കുള്ള മടക്കമെന്നാണ് വിവരം.