ഹൈദരാബാദ്:തുകൽ സാങ്കേതിക വിദ്യയിലെ വഴിത്തിരിവായ ഗവേഷണത്തിലൂടെ ലോകപ്രശസ്‌തനായ യലവർത്തി നായുഡമ്മയുടെ ജന്മവാര്‍ഷികം ഇന്ന്. ശാസ്‌ത്രജ്ഞനും, കെമിക്കൽ എഞ്ചിനീയറുമായ യലവർത്തി നായുഡമ്മക്ക് തുകൽ സാങ്കേതിക വിദ്യയില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ വിദേശത്ത് മികച്ച തൊഴിലവസരങ്ങളാണ് തുറന്നുകിട്ടിയത്. എന്നാല്‍ ഗവേഷണങ്ങളെല്ലാം തന്നെ രാജ്യത്തുള്ള തോൽപ്പണിക്കാർക്കും തുകൽ വ്യവസായങ്ങൾക്കും പ്രയോജനപ്പെടുത്തണമെന്നുമുള്ള അത്യുത്സാഹവും, മാതൃരാജ്യത്തോടുള്ള സ്‌നേഹവും അദ്ദേഹത്തെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. മദ്രാസ് സിഎൽഐ ഡയറക്‌ടറായും, കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച് ആരെയും പ്രചോദിപ്പിക്കുന്നതായിരുന്നു യലവർത്തി നായുഡമ്മയുടെ ജീവിതം.
1951ലാണ് യലവർത്തി നായുഡമ്മ മദ്രാസിലെ സെൻട്രൽ ലെതർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ (സിഎൽഐ) ശാസ്‌ത്രജ്ഞനായെത്തുന്നത്. ഇവിടെ വച്ച് നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ തോൽപ്പണിക്കാർക്കും തുകൽ വ്യവസായത്തിനും പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾ അദ്ദേഹം തയ്യാറാക്കുകയും അവ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. ഇതോടെ ചുരുങ്ങിയ കാലയളവില്‍ മദ്രാസ് സിഎൽഐ ലോകോത്തര ഗവേഷണ സ്ഥാപനമായി വളര്‍ന്നു. മാത്രമല്ല, സകല വളര്‍ച്ചയുടെയും മുഖ്യപങ്ക് വഹിച്ച നായിഡമ്മയെ സിഎൽഐയുടെ ഡയറക്‌ടറായും നിയമിച്ചു. തുടര്‍ന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്‌ടർ ജനറലായും, കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സെക്രട്ടറിയായും നായുഡമ്മ സേവനമനുഷ്ഠിച്ചു.
Also Read: റീപോസ്റ്റ് ഫീച്ചർ പരീക്ഷിച്ച് ഇൻസ്റ്റഗ്രാം
ആന്ധ്രാപ്രദേശിലുള്ള തുരുമെല്ല സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നായുഡമ്മ ഇന്‍റര്‍ കോളജ് പഠിച്ചത് ഗുണ്ടൂർ എസി കോളേജില്‍ നിന്നാണ്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് കെമിക്കൽ ടെക്‌നോളജിയില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് മദ്രാസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലെതർ ടെക്നോളജി കോളജിൽ ചേർന്നു. അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ അന്നത്തെ മദ്രാസ് സർക്കാർ 1946-ൽ ഉന്നത വിദ്യാഭ്യാസത്തിനും തുകൽ സാങ്കേതികവിദ്യയിൽ ഗവേഷണത്തിനുമായി നായുഡമ്മയെ ബ്രിട്ടനിലേക്കയച്ചു. അവിടെ ലെതർ ടെക്നോളജിയിൽ പ്രത്യേക പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം യുഎസിലെ ലെഹി സർവകലാശാലയിൽ നിന്ന് ടാനിംഗിൽ ബിരുദാനന്തര ബിരുദവും നേടി.