ജാംഖണ്ഡി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം മുഴക്കുകയാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രതിപക്ഷം തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്‌താവനക്ക് മറുപടിയായാണ് പ്രിയങ്ക രംഗത്ത് എത്തിയത്.
പൊതുജീവിതത്തിൽ ഇത്തരം ആക്രമണങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നും മോദി രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 'രാഹുലിനെ കണ്ട് പഠിക്കൂ. രാഹുൽ രാജ്യത്തിന് വേണ്ടി വെടിയുണ്ട നെഞ്ചിലേറ്റ് വാങ്ങാനും സന്നദ്ധൻ' -എന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള പ്രിയങ്കയുടെ മറുപടി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദിയെ ‘വിഷ പാമ്പ്’ എന്ന് വിളിച്ചിരുന്നു. ഇതിന് മറുപടിയായി കോൺഗ്രസ് പാർട്ടിയും അതിന്‍റെ നേതാക്കളും ഇതുവരെ 91 തവണ തനിക്കെതിരെ പലതരം അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് മോദി ശനിയാഴ്‌ച പ്രസംഗത്തിനിടെ പറയുകയുണ്ടായി.
'കുറഞ്ഞത് 91 അധിക്ഷേപങ്ങൾ കോൺഗ്രസ് നടത്തിയെന്നാണ് മോദിജി പറയുന്നത്. എന്‍റെ കുടുംബത്തോട് അവർ നടത്തിയ അധിക്ഷേപങ്ങൾ പരിശോധിച്ച് ഞങ്ങൾ ഒരു പട്ടിക തയ്യാറാക്കാൻ തുടങ്ങിയാൽ, ഞങ്ങൾക്ക് ഒരു പുസ്‌തകം തന്നെ പ്രസിദ്ധീകരിക്കേണ്ടി വരും. ഞാൻ പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. ഇന്ദിരാജി, അവർ ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റു വാങ്ങി. ഞാൻ രാജീവ് ഗാന്ധിയെ കണ്ടു. അദ്ദേഹം തന്‍റെ ജീവൻ ബലിയർപ്പിച്ചു. പി വി നരസിംഹ റാവുവും മൻമോഹൻ സിങ്ങും ഈ രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങളുടെ മുന്നിൽ വന്ന് തന്നെ അപമാനിക്കുന്നുവെന്ന് കരയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. ജനങ്ങളുടെ സങ്കടം കേൾക്കുന്നതിന് പകരം ഇവിടെ വന്ന് തന്‍റെ പ്രശ്‌നങ്ങൾ ജനങ്ങളോട് പറയുകയാണ്' -ബാഗൽകോട്ട് ജില്ലയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു.
'ധൈര്യപ്പെടൂ മോദി ജി. എന്‍റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കൂ. ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് എന്‍റെ സഹോദരൻ പറയുന്നു. നിങ്ങൾ അധിക്ഷേപം തുടർന്നാലും സത്യത്തിന് വേണ്ടി നിൽക്കുമെന്ന് എന്‍റെ സഹോദരൻ പറയുന്നു. ബുള്ളറ്റ് തൊടുത്ത് വിട്ടോളൂ. അല്ലെങ്കിൽ കത്തികൊണ്ട് കുത്തിക്കോളൂ. പക്ഷേ സത്യത്തിന് വേണ്ടി രാഹുൽ നിലനിൽക്കും. മോദി ജി ഭയപ്പെടരുത്, ഇത് പൊതുജീവിതമാണ്, അത്തരം കാര്യങ്ങൾ സഹിക്കണം. ധൈര്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്' -പ്രിയങ്ക കൂട്ടിച്ചേർത്തു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിനെതിരെ പരിപാടിയിൽ ആഞ്ഞടിച്ചു. 'ഞങ്ങൾക്കെതിരെയുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങള്‍ കാണിക്കുന്നത് അവർക്ക് കർണാടകയിലെ ഭരണം നഷ്‌ടപ്പെടാൻ പോകുന്നുവെന്ന് ഭയമുണ്ട് എന്നതാണ്. അദ്ദേഹത്തിന് പോലും ഇത്തവണ കോൺഗ്രസ് തരംഗം അനുഭവപ്പെടും. പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നുണ്ട്. നിങ്ങളുടെ നാടകം ബിജെപിയെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ പോകുന്നില്ല' -വേണുഗോപാൽ പറഞ്ഞു.