ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി. നിയമ മന്ത്രി കിരൺ റിജിജുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. ഇദ്ദേഹത്തിന് ഭൗമശാസ്ത്ര മന്ത്രാലയ വകുപ്പ് നൽകും. അതേസമയം, അർജുൻ റാം മേഘ്‌വാൾ നിയമ - നീതി മന്ത്രാലയത്തിന്‍റെ സഹമന്ത്രിയുടെ സ്വതന്ത്ര ചുമതല നൽകും. നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനക്രമീകരണം, പ്രസിഡന്‍റ് ദ്രൗപദി മുർമു അംഗീകരിച്ചു.
കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി; നിയമ മന്ത്രിസ്ഥാനത്തുനിന്നും കിരണ്‍ റിജിജുവിനെ മാറ്റി, പുതിയ ചുമതല അർജുൻ റാമിന്
അർജുൻ റാം മേഘ്‌വാളിന് നിയമ - നീതി മന്ത്രാലയത്തിന്‍റെ ചുമതല നൽകാൻ തീരുമാനമായി
നിലവിൽ പാര്‍ലമെന്‍ററികാര്യ - സാംസ്‌കാരിക സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്‍വാൾ. ഇദ്ദേഹം രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്. മേഘ്‍വാൾ നിയമവകുപ്പിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുന്നത് ഒഴിച്ചാൽ മറ്റു മന്ത്രി സ്ഥാനങ്ങളിലൊന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കിരണ്‍ റിജിജു ആദ്യം കൈകാര്യം ചെയ്‌തിരുന്നത് ന്യൂനപക്ഷകാര്യ സഹമന്ത്രി സ്ഥാനമായിരുന്നു. പിന്നീട് അദ്ദേഹം കായിക - യുവജനകാര്യവകുപ്പിന്‍റെ സ്വതന്ത്രചുമതലയിലേക്ക് നിയമിക്കപ്പെട്ടിരുന്നു.
2021 ജൂലൈ ഏഴിനാണ് റിജിജു നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രമന്ത്രിസഭയിൽ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്‌ജി നിയമന വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഉയർന്നുവന്നിരുന്നു. കൊളിജിയം സംവിധാനത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് റിജിജുവിന്‍റെ പ്രസ്‌താവനകൾ വലിയ വിവാദങ്ങളിലേക്കും നയിച്ചു.