ന്യൂഡല്‍ഹി :ഏകീകൃത സിവില്‍ കോഡ് (Uniform Civil Code) സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ അറിയിക്കാനുള്ള സമയപരിധി നീട്ടി ലോ കമ്മിഷന്‍. ജൂലൈ 28 വരെയാണ് യുസിസി സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് ഏക സിവില്‍ കോഡ് വിഷയത്തില്‍ ലോ കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പ്രതികരണങ്ങള്‍ തേടിയത്. അന്ന് അറിയിച്ചത് പ്രകാരം പ്രതികരണങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരു മാസത്തെ സമയപരിധി വെള്ളിയാഴ്‌ച അവസാനിക്കേണ്ടതായിരുന്നു.
"ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ സമർപ്പിക്കാനുള്ള സമയം നീട്ടുന്നത് സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് നിരവധി അഭ്യര്‍ഥനകളുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത്, അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിന് രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നൽകാൻ ലോ കമ്മിഷൻ തീരുമാനിച്ചു" - എന്ന് പൊതു അറിയിപ്പിലൂടെയാണ് കമ്മിഷന്‍ വ്യക്തമാക്കിയത്. അതിനാല്‍ താത്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകള്‍ക്കോ ജൂലൈ 28 വരെ യുസിസിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമ്മിഷന്‍റെ വെബ്‌സൈറ്റിൽ നൽകാമെന്നും അറിയിപ്പിലുണ്ട്.
എതിര്‍പ്പുകളറിയിച്ച് മുസ്‌ലിം വ്യക്തി നിയമ ബോർഡ് : യുസിസി സംബന്ധിച്ചുള്ള തങ്ങളുടെ എതിർപ്പുകൾ ലോ കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് മുമ്പ് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോർഡ് വക്താവ് കാസിം റസൂൽ ഇല്യാസാണ് അറിയിച്ചത്. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് എല്ലായ്‌പ്പോഴും യുസിസിക്ക് എതിരാണെന്നും ഇന്ത്യയെ പോലെ ബഹുമതങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ട ആളുകൾ അടങ്ങുന്ന ഒരു രാജ്യത്ത് ഏക സിവില്‍ കോഡിന്‍റെ പേരിൽ ഒരു നിയമം മാത്രം അടിച്ചേല്‍പ്പിക്കുകയെന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കക്ഷികൾക്കും ബന്ധപ്പെട്ടവർക്കും നിയമ കമ്മിഷന് മുന്നില്‍ ഇത് സംബന്ധിച്ച് (യുസിസി) എതിർപ്പുകൾ ഫയൽ ചെയ്യാൻ സമയം നൽകിയിട്ടുണ്ടെന്നും, ബോർഡിലെ 251 അംഗങ്ങളിൽ 250-ഓളം പേരും പങ്കെടുത്ത യോഗത്തിൽ യുസിസിക്കെതിരായ തങ്ങളുടെ കാഴ്‌ചപ്പാടുകൾ ലോ കമ്മിഷന് മുന്നിൽ വ്യക്തിപരമായി അവതരിപ്പിക്കാനും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വിയോജിപ്പ് വ്യക്തമാക്കാനും നിര്‍ദേശിച്ചുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഒറ്റക്കെട്ടായ അഭിപ്രായം വേണം :ഏക സിവില്‍ കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്‌ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചുരുന്നു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ ഈ യോഗം വിളിച്ചുചേര്‍ത്തത്. രാജ്യത്തെ നാനാജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെയിടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവില്‍ കോഡ് മാറരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ടെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ ഏകകണ്‌ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി എംപിമാരോട് അഭ്യര്‍ഥിച്ചു.