അന്തരിച്ച പ്രശസ്‌ത ഗായിക ലത മങ്കേഷ്‌കറിന് ആമുഖത്തിന്‍റെ ആവശ്യമില്ല. ശ്രോതാക്കള്‍ക്ക് ലതാജിയുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ പ്രത്യേകിച്ച് കാരണവും വേണ്ട. ആയിരത്തിലധികം ഹിന്ദി സിനിമകള്‍ക്കായി പാട്ടുകൾ റെക്കോർഡ് ചെയ്‌തിട്ടുള്ള ലത മങ്കേഷ്‌കര്‍ മറാഠി, ഹിന്ദി, ബംഗാളി ഉള്‍പ്പെടെയുള്ള പ്രാദേശിക ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മറ്റ് ഗായികരില്‍ നിന്നും വ്യത്യസ്‌തമാര്‍ന്ന ലതയുടെ ശബ്‌ദ മാധുര്യം അവരെ ഗിന്നസ് ബുക്കിലും എത്തിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും ലതാജിയെ തേടിയെത്തിയിട്ടുണ്ട്.
മറാത്തി സംഗീതജ്ഞന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്‍റെയും ഗുജറാത്തിയായ ഷെവന്തിയുടെയും മൂത്ത മകളായി 1929ലാണ് ജനനം. ലക്ഷ്മികാന്ത്-പ്യാരേലാൽ, മദൻ മോഹൻ, എസ് ഡി ബർമൻ, ആർ ഡി ബർമൻ, എ ആർ റഹ്മാൻ തുടങ്ങി നിരവധി സംഗീത സംവിധായകർക്കൊപ്പം ലത മങ്കേഷ്‌കര്‍ പ്രവർത്തിച്ചിട്ടുണ്ട്.
40കളുടെ തുടക്കം മുതൽ പിന്നണി ഗാനരംഗത്ത് സജീവം
40കളുടെ തുടക്കം മുതൽ നാളിതുവരെ ഏഴു പതിറ്റാണ്ടിലേറെയായി ലതാജി പാടി. പാടുക മാത്രമല്ല പ്രശസ്‌തിയുടെ കൊടുമുടിയിലെത്തുകയും ചെയ്‌തു അവര്‍. ദൈവത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും തനിക്ക് ലഭിച്ച സമ്മാനമാണ് സംഗീതമെന്ന് വിശ്വസിച്ച ഗായികയാണ് ലത മങ്കേഷ്‌കര്‍. ലതാജിക്ക് സംഗീതം ഒരു കരിയര്‍ ആയിരുന്നില്ല. മറിച്ച് ജീവിതമായിരുന്നു. സംഗീതത്തെ ഒരു പ്രത്യേക പദവിയായാണ് ലത കണക്കാക്കിയിരുന്നത്.
'വോ കൗൻ തി' (1964) എന്ന ചിത്രത്തിലെ 'ലാഗ് ജാ ഗെയില്‍' എന്ന ഗാനം ലതയെ അനശ്വരയാക്കി. രാജാ മെഹ്ദി അലി ഖാനാണ് 'ലാഗ് ജാ ഗെയിലി'ന്‍റെ ഗാന രചയിതാവ്. കാലമെത്ര കടന്നാലും ഈ ഗാനത്തിന്‍റെ മനോഹാരിത ഒരിക്കലും നഷ്‌ടമാകില്ലെന്നാണ് 'ലാഗ് ജെ ഗെയിലി'നെ കുറിച്ചുള്ള ലത മങ്കേഷ്‌കറിന്‍റെ അഭിപ്രായം.
13ാം വയസില്‍ പാടി തുടങ്ങിയ ലത, അവരുടെ ശബ്‌ദ സ്വരമാധുര്യത്തിന്‍റെ വശ്യത ഒരിക്കലും നഷ്‌ടപ്പെടുത്തിയിട്ടില്ല. അവസാന ദിനങ്ങളില്‍ പാടാനായില്ലെങ്കില്‍ കൂടിയും ഇതുവരെ പാടിയ ഗാനങ്ങളെല്ലാം അവരുടെ മികച്ച ഗാനങ്ങള്‍ തന്നെയായിരുന്നു. അതില്‍ ഏറ്റവും മികച്ച ഗാനം 'ലാഗ് ജാ ഗെയില്‍' തന്നെയാണ്.
സമാനതകളില്ലാത്ത രചനകൾ
സംഗീത മാന്ത്രികൻ മദൻ മോഹന്‍ ഇല്ലാതെ ലതയുടെ കരിയര്‍ പൂര്‍ണമാകില്ല. മദന്‍ മോഹന്‍റെ സംഗീത സംവിധാനത്തില്‍ ലത ആലപിച്ച ചില സമാനതകളില്ലാത്ത രചനകൾ വരും തലമുറയില്‍ ഇന്ത്യൻ സംഗീത ചരിത്രത്തിൽ പതിഞ്ഞിരിക്കും.
'അന്‍പദ്' എന്ന സിനിമയ്‌ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. ചിത്രത്തിലെ ഒരു മികച്ച ഗാനം ഈ കൂട്ടുകെട്ടില്‍ പിറന്നിരുന്നു. മദൻ മോഹന്‍റെ സംഗീതത്തില്‍ ലത ജി ആലപിച്ച 'ആപ് കി നസ്‌റോൺ നേ സംച്ച പ്യാർ കേ ഖാബിൽ മുജെ' എന്ന ഗാനം ഈ കൂട്ടുകെട്ടില്‍ പിറന്ന മികച്ച 10 ഗാനങ്ങളിലൊന്നാണ്.