ന്യൂഡൽഹി : 1983 ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയപ്പോൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിലായിരുന്നു ബിസിസിഐ. ടീം അംഗങ്ങൾക്ക് പാരിതോഷികം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥ. ഓരോ താരങ്ങൾക്കും 5000 രൂപ മാത്രം കൊടുക്കാനുള്ള പണം മാത്രമേ അന്ന് ബിസിസിഐയുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ലത മങ്കേഷ്‌കര്‍ ഇന്ത്യൻ ടീമിനായി പണം സ്വരൂപിക്കാൻ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചു. 20 ലക്ഷത്തോളം രൂപയാണ് അന്ന് ആ പരിപാടിയിലൂടെ ബിസിസിഐക്ക് ലഭിച്ചത്.
സംഗീതം കഴിഞ്ഞാൽ ലത മങ്കേഷ്‌കറിന് പ്രിയം ക്രിക്കറ്റിനോടാണ്. കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നു അവര്‍. 1983 ൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ടീമംഗങ്ങൾക്ക് ലത മങ്കേഷ്‌കറിന്‍റെ വകയായി ഒരു അത്താഴ വിരുന്ന് ഒരുക്കി. പിറ്റേദിവസം ലോർഡ്‌സിൽ ഇന്ത്യ ഫൈനലിനിറങ്ങിയപ്പോൾ മത്സരം കാണാൻ ലതയും ഗ്യാലറിയിലുണ്ടായിരുന്നു. വിജയ ശേഷം ഇന്ത്യൻ ടീമിന്‍റെ അത്താഴ വരുന്നിലും ലത മങ്കേഷ്‌കറിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു.
ലോര്‍ഡ്‌സിൽ നിന്ന് തിരിച്ച് രാജ്യത്തെത്തിയ ഇന്ത്യൻ ടീമിന് പാരിതോഷികം നൽകാൻ ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ലത മങ്കേഷ്‌കർ ഡൽഹിയിൽ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ സമാഹരിച്ച തുകയിൽ നിന്ന് ലോകകപ്പ് വിജയിച്ച ടീമിലെ ഓരോ അംഗങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം പാരിതോഷികം ബിസിസിഐ നൽകിയിരുന്നു.