അഹമ്മദാബാദ്:ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. ആകെ 182 സീറ്റുകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ടം ഡിസംബർ ഒന്നിനും 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 5നും നടക്കും.
ഭാരതീയ ജനത പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ഇന്ന് ഭാവ്നഗറിലും ഗാന്ധിധാമിലും പ്രചാരണം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നദ്ദ, തുടങ്ങിയ ബിജെപി നേതാക്കൾ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന തങ്ങളുടെ പാർട്ടി സ്ഥാനാർഥികൾക്കായി റാലികൾ നടത്തി. എഎപിക്ക് വേണ്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിപുലമായ പ്രചാരണം നടത്തി.
കോൺഗ്രസിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അവരുടെ സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങി.
ആദ്യ ഘട്ടത്തിലെ ശ്രദ്ധേയർ:ആം ആദ്‌മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗദ്‌വി ദേവ്‌ഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ സീറ്റിൽ മത്സരിക്കുന്നു. ഗുജറാത്ത് മുൻ മന്ത്രി പർഷോത്തം സോളങ്കി, ആറ് തവണ എംഎൽഎയായ കുൻവർജി ബവലിയ, കാന്തിലാൽ അമൃതിയ, ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, ഗുജറാത്ത് എഎപി അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ എന്നിവർ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികളിൽ ഉൾപ്പെടുന്നവരാണ്.
Also read:ഗുജറാത്ത് നിയമസഭ സ്ഥാനാര്‍ഥികളില്‍ 330 പേര്‍ക്കെതിരെ ക്രിമിനൽ കേസ് ; കുറ്റകൃത്യങ്ങളില്‍ ബലാത്സംഗവും കൊലപാതകവും വരെ