ന്യൂഡൽഹി:മനുഷ്യ ശരീരത്തിലെ രക്തചംക്രമണം നടക്കുന്നത് ധമനികളിലൂടെയാണ്. ഈ ധമനികളിൽ തടസം സംഭവിക്കുകയും സുഗമമായ രക്തചംക്രമണം നിലയ്ക്കുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ധമനികളിൽ ഉണ്ടാകുന്ന ഈ തടസങ്ങൾ നീക്കാൻ ആൻജിയോപ്ലാസ്റ്റി ശസ്‌ത്രക്രിയ ചെയ്യുകയും ശേഷം ധമനികളിൽ സ്റ്റെന്‍റുകൾ ഇടുകയും ചെയ്യുന്നു. സിരകളിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകുന്നതിനാണ് സ്റ്റെന്‍റുകൾ ഇടുന്നത്.
എന്നാൽ ഇപ്പോൾ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാതെ, സ്റ്റെന്‍റുകൾ ഇടാതെ ധമനികളിലെ തടസം നീക്കം ചെയ്യാൻ സാധിക്കും. ലേസർ തെറാപ്പിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളും ലേസർ തെറാപ്പിക്ക് തന്നെയാണ് മുൻഗണന നൽകുന്നത്. ചില രോഗികളിൽ സ്റ്റെന്‍റുകൾ ഘടിപ്പിച്ചാലും അത് ശരിയായ രീതിയിൽ പ്രവർത്തിക്കാറില്ലെന്നും അങ്ങനെയുള്ള ഘട്ടങ്ങളിൽ ഏറ്റവും ഫലവത്തായ മാർഗമാണ് ലേസർ തെറാപ്പി എന്നും ഡോക്‌ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റെന്‍റിങ് പ്രക്രിയയെക്കാൾ ലളിതമാണ് ലേസർ തെറാപ്പി വിദ്യയെന്ന് ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന മെദാന്ത ആശുപത്രിയിലെ ഇന്‍റർവെൻഷണൽ ആൻഡ് സ്ട്രക്‌ചറൽ ഹാർട്ട് കാർഡിയോളജി വിഭാഗം ചെയർമാൻ ഡോ. പ്രവീൺ ചന്ദ്ര പറയുന്നു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം പലതവണ സ്റ്റെന്‍റ് ഘടിപ്പിക്കുമ്പോൾ അത് പ്രവർത്തിക്കാതെ വരുന്നു. ഇതിനെ 'സ്റ്റെന്‍റ് ഫെയിലിയർ' എന്നാണ് വിളിക്കുന്നത്. ചില രോഗികളിൽ സ്റ്റെന്‍റ് പ്രവർത്തിക്കാനുള്ള സാധ്യതയും കുറവാണ്.
അത്തരം രോഗികൾക്ക് ലേസർ സാങ്കേതികവിദ്യ വളരെ ഗുണകരമാണ്. ലേസർ ഉപയോഗിച്ച് ആദ്യം ധമനികൾ വൃത്തിയാക്കുന്നു. തുടർന്ന് മെഡിക്കേറ്റഡ് ബലൂണിന്‍റെ സഹായത്തോടെ മരുന്നുകൾ ധമനികളിലേക്ക് കടത്തി വിടുന്നു. ഇതിലൂടെ ധമനിയിലെ തടസങ്ങൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ധമനിയിലെ തടസങ്ങൾ ഒരു തവണ നീക്കം ചെയ്‌താല്‍ പിന്നീട് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കുന്നു.
ലേസർ തെറാപ്പി സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഇവയാണ്:
- ധമനികളിലുണ്ടാകുന്ന എല്ലാ തരം ബ്ലോക്കുകളിലും ലേസർ തെറാപ്പി രീതി ഫലപ്രദമാണ്.
- വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
- ലേസർ തെറാപ്പി ഉപയോഗിച്ച് ബ്ലോക്കുകൾ നീക്കം ചെയ്‌താൽ, രോഗിയെ അതേ ദിവസം തന്നെ ഡിസ്‌ചാർജ് ചെയ്യാൻ സാധിക്കുന്നു.
- അനസ്‌തേഷ്യയോ മുറിവുകളോ ഇല്ലാതെയാണ് ഈ ചികിത്സ നടത്തുന്നത്.
- ലേസർ തെറാപ്പി സാങ്കേതികവിദ്യ ദീർഘകാലത്തേക്ക് കൂടുതൽ ഫലപ്രദമായ ചികിത്സയാണ്.
അതേസമയം കഴിഞ്ഞ വർഷം 300 മുതൽ 400 വരെ രോഗികളെ മേദാന്ത ഹോസ്‌പിറ്റലിൽ ലേസർ ചികിത്സ ഉപയോഗിച്ച് ചികിത്സിച്ചതായി ഡോ.പ്രവീൺ ചന്ദ്ര പറയുന്നു. ഈ രീതി രോഗികൾക്ക് കൂടുതൽ സുഖപ്രദമാണ്. സാധാരണ ഒരു സ്റ്റെന്‍റ് ഇടുകയാണെങ്കിൽ രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യാൻ രണ്ട് ദിവസമെടുക്കും. എന്നാൽ ലേസർ ചികിത്സയിലൂടെ ഒറ്റ ദിവസം കൊണ്ട് തന്നെ രോഗിയെ അഡ്‌മിറ്റ് ചെയ്‌ത്, ചികിത്സിച്ച് ഡിസ്‌ചാർജ് ചെയ്യാൻ സാധിക്കുന്നു.
രക്തക്കുഴലുകളിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ലേസർ തെറാപ്പി സാങ്കേതിക വിദ്യയിൽ ലേസർ പുറപ്പെടുവിക്കുന്ന ഒരു കത്തീറ്ററാണ് ധമനികൾ തുറക്കാൻ ഉപയോഗിക്കുന്നത്. ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താതെ ഇതിനുള്ളിലെ ബ്ലോക്ക് നീക്കം ചെയ്യുന്നു. മിക്ക കേസുകളിലും ലേസർ രക്തപാതയെ വളരെ ഫലപ്രദമായി വൃത്തിയാക്കുന്നതിനാൽ രോഗികൾക്ക് പിന്നീട് സ്റ്റെന്‍റ് ഇടേണ്ടി വരുന്നില്ല. കൂടാതെ രോഗികൾക്ക് ബൈപാസ് സർജറിയും വേണ്ടിവരുന്നില്ല.
എന്നാൽ എല്ലാ രോഗികളിലും ഈ വിദ്യ ഉപയോഗിക്കാനാകില്ലെന്നും ഡോക്‌ടർ ഡോ.പ്രവീൺ ചന്ദ്ര മുന്നറിയിപ്പ് നൽകുന്നുണ്ട്. ആദ്യം രോഗിയുടെ സിരകളിൽ എന്ത് തരത്തിലുള്ള ബ്ലോക്കുകളാണ് ഉള്ളതെന്ന് കണ്ടെത്തുന്നു. അതിന് ശേഷമേ ലേസർ സാങ്കേതികവിദ്യ സ്വീകരിക്കണമോ അതോ സ്റ്റെന്‍റ് ഘടിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളു.
എന്നാൽ സ്റ്റെന്‍റ് ഘടിപ്പിക്കുന്നതിനെ അപേക്ഷിച്ച് ലേസർ സാങ്കേതിക വിദ്യ കൂടുതൽ ആയാസകരമാണ്. കൂടാതെ ശരീരത്തിൽ കീറലുകൾ ഇല്ലാതെ തന്നെ ബ്ലോക്കുകൾ മാറ്റാനും സാധിക്കുന്നു. ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബ്ലോക്ക് നീക്കം ചെയ്യാൻ മൂന്ന് ലക്ഷം രൂപവരെ ചെലവ് വരും. എന്നാൽ ഒരു സ്റ്റെന്‍റ് ഘടിപ്പിക്കുന്നതിന് ഒന്നര മുതൽ രണ്ട് ലക്ഷം വരെയേ ചെലവാകുകയുള്ളു എന്നതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം.