ഹൈദരാബാദ്:നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മെഡിക്കൽ ജേണൽ ലാൻസെറ്റ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ലാൻസെറ്റിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഒന്നാം തരംഗത്തെ നേരിട്ട ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനങ്ങള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി. കൊവിഡിന്‍റെ തീവ്രവ്യാപനം (സൂപ്പര്‍ സ്‌പ്രെഡ്) ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു.
Also Read:വാക്‌സിന്‍ കയറ്റുമതി; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മനീഷ് സിസോദിയ
മാർച്ച് ആദ്യം കൊവിഡ് കേസുകൾ കൂടുന്നതിനു മുമ്പ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്‍റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ തോൽപ്പിച്ചെന്ന ധാരണയാണ് സർക്കാർ പരത്തിയത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്‍റെ സിറോ സർവേ രാജ്യത്തെ 21 ശതമാനംപേരിലേ കൊറോണ വൈറസിനെതിരായ ആന്‍റിബോഡികളുള്ളൂവെന്ന് കണ്ടെത്തിയിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.