ന്യൂഡൽഹി :ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 25) വൈകിട്ട് 10 ജന്‍പഥിലെ വസതിയിലെത്തിയാണ് നേതാക്കള്‍ സോണിയയെ കണ്ടത്. 2024ൽ ബിജെപിയെ തുരത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.
കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റി ഐക്യത്തിലെത്തിക്കാനുള്ള നീക്കം നടത്താനും നേതാക്കളുടെ കൂടിക്കാഴ്‌ച ലക്ഷ്യമിട്ടിരുന്നു. ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ആർജെഡിയും കോൺഗ്രസും ചേർന്ന് ഓഗസ്റ്റിലാണ് ബിഹാറിൽ സർക്കാർ രൂപീകരിച്ചത്. ശേഷം നിതീഷ് ആദ്യമായാണ് സോണിയയുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ദീർഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ലാലു പ്രസാദ് യാദവ് ഡല്‍ഹിയിലെത്തി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്.