ന്യൂഡൽഹി:ലക്ഷദ്വീപിലെ പുതിയ ഉത്തരവുകൾ തുടരുന്നതിനിടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.
ലക്ഷദ്വീപിന്‍റെ പ്രകൃതിദത്ത സൗന്ദര്യവും സംസ്‌കാരങ്ങളുടെ അതുല്യമായ സംഗമവും തലമുറകളായി നമ്മെ ആകർഷിക്കുന്നവയാണ്. തലമുറകളായി ആ പൈതൃകത്തെ ദ്വീപ് നിവാസികൾ സംരക്ഷിച്ചും പോരുന്നു. എന്നാൽ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ ജനവിരുദ്ധ നയങ്ങൾ ലക്ഷദ്വീപ് ജനതയുടെ ഭാവി അപകടത്തിലാക്കുന്നവയാണെന്ന് രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിച്ചു.
അഡ്‌മിനിസ്ട്രേറ്ററുടേത് ഏകാധിപത്യം
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെയാണ് അഡ്‌മിനിസ്ട്രേറ്റർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടേൽ പുറത്തിറക്കിയ ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഈ വ്യവസ്ഥ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട സുരക്ഷയെ ദുർബലപ്പെടുത്തുന്നുവെന്നും ചില പ്രവർത്തനങ്ങൾക്കുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ബാധിതർക്ക് ലഭ്യമായ നിയമപരമായ മാർഗങ്ങളെ പരിമിതപ്പെടുത്തുന്നുവെന്നും അവകാശപ്പെട്ടു. ദ്വീപിന്‍റെ പവിത്രതയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. ഈ വ്യവസ്ഥകൾ മൂലം ഹ്രസ്വകാല വാണിജ്യ നേട്ടങ്ങൾക്കായി ദ്വീപ് നിവാസികൾക്ക് അവരുടെ ഉപജീവനമാർഗം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ ത്യജിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരവുകൾ ജനാതിപത്യവിരുദ്ധം
രണ്ട് കുട്ടികളുള്ള അംഗങ്ങളെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കുന്ന പട്ടേലിന്‍റെ പഞ്ചായത്ത് റെഗുലേഷൻ കരട് വ്യവസ്ഥയെ ജനാതിപത്യവിരുദ്ധമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. കൂടാതെ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണം, മദ്യ വിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുക തുടങ്ങിയ ചട്ടങ്ങളിൽ നിർദ്ദേശിച്ച മാറ്റങ്ങൾ സാംസ്‌കാരികവും മതപരവുമായ ഘടനയെ ബോധപൂർവ്വം ആക്രമിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്‌പൂർ തുറമുഖവുമായുള്ള ദ്വീപിന്‍റെ ബന്ധം വിച്ഛേദിക്കാനുള്ള ശ്രമവും കേരളവുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ ബാധിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കിയതും വിവിധ സർക്കാർ വകുപ്പുകളിലെ കരാർ തൊഴിലാളികളെ പുറത്താക്കിയതും തീർത്തും തികച്ചും ജനാധിപത്യവിരുദ്ധമാണ്. കൂടാതെ ദ്വീപ് നിവാസികൾ ഏർപ്പെടുത്തിയ കർശനമായ ക്വാറന്‍റൈൻ മാനദണ്ഡങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ ഇളവ് വരുത്തിയതോടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ദ്വീപിൽ കേസുകൾ വർധിക്കാൻ തുടങ്ങി. പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയമായ ഇത്തരം നയങ്ങളിൽ പ്രധാനമന്ത്രി അടിയന്തിര ഇടപെടൽ നടത്തണമെന്നും ദ്വീപിൽ നടപ്പിലാക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. നേരത്തേ തന്നെ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ആശങ്ക ഉന്നയിക്കുകയും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
Also Read:നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം