ലഖ്‌നൗ: ലഖിംപുര്‍ ഖേരിയിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ ഗുരുവിന്ദർ സിങ്ങിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. വെടിവയ്‌പിലാണോ മരണം സംഭവിച്ചതെന്ന സംശയത്തെ തുടർന്നാണ് കർഷകന്‍റെ കുടുംബാംഗങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് ആവശ്യപ്പെട്ടത്. പോസ്റ്റുമോർട്ടം നിരീക്ഷിക്കാൻ ലഖ്‌നൗവിൽ നിന്നുള്ള വിദഗ്ധ ഡോക്‌ടർമാരുടെ സംഘം എത്തിയിരുന്നു.
മുഖ്യമന്ത്രി ഉത്തരവിട്ടതിനെ തുടർന്ന് പോസ്റ്റ്‌മോർട്ട നടപടികൾ റെക്കോഡും ചെയ്‌തിട്ടുണ്ട്. പാനൽ വേഗത്തിൽ റിസൾട്ട് നൽകുമെന്നും അക്രമത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിനാണ് പ്രഥമ പരിഗണനയെന്നും ജില്ല മജിസ്‌ട്രേറ്റ് ദിനേഷ് ചന്ദ്ര പറഞ്ഞു. ഈ സാഹചര്യത്തിൽ സംശയങ്ങളില്ലെന്നും പോസ്റ്റുമോർട്ടം നിരീക്ഷിക്കാനെത്തിയ സംഘം നൽകുന്ന റിപ്പോർട്ട് അംഗീകരിക്കുമെന്നും ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുമെന്നും കുടുംബാംഗം പറഞ്ഞു.