ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കർഷകരുടെ കുടുംബാംഗങ്ങൾ സുപ്രീംകോടതിയല്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാർച്ച് 15ലേക്ക് മാറ്റി. വിഷയം വെള്ളിയാഴ്ച വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യേണ്ടിയിരുന്നെങ്കിലും അത് ലിസ്റ്റിൽ ഇല്ലെന്ന് ഭൂഷൺ കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഹര്‍ജി 15ന് പരിഗണിക്കുമെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട പ്രശാന്ത് ഭൂഷണ്‍, കേസിലെ ഒരു പ്രധാന സാക്ഷിക്ക് നേരെ ആക്രമണം ഉണ്ടായ കാര്യവും കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ചാണ് കര്‍ഷകരുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക. മാർച്ച് 11 ന് ഹര്‍ജി പരിഗണിക്കുമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ മറ്റ് പ്രതികളും ജാമ്യത്തിന് ശ്രമിക്കുന്നതായി കര്‍ഷക കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കാതെയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രതികൾ സാക്ഷികളെ അട്ടിമറിക്കുന്നതിനും കോടതിയുടെ പ്രവര്‍ത്തികളില്‍ തടസ്സം സൃഷ്ടിക്കാനും സാധ്യതയുള്ളതായും ഹർജിയിൽ കര്‍ഷകരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിൽ ഉത്തർപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടതിന തുടര്‍ന്നാണ് കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് മിശ്രയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 2021 ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര വാഹനമോടിച്ച് കയറ്റിയെന്നാണ് കേസ്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് കര്‍ഷകരുള്‍പ്പടെ എട്ട് പോരാണ് അന്ന് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അജയ് കുമാർ മിശ്രയുടെ മകനാണ് കേസിലെ പ്രധാന പ്രതിയായ ജാമ്യം ലഭിച്ച ആശിഷ് മിശ്ര.