ബെംഗളൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരരംഗത്ത് മാറ്റുരയ്‌ക്കുന്നത് 184 വനിത സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചത് 219 വനിത സ്ഥാനാര്‍ഥികളായിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കടുത്ത മത്സരം കാഴ്‌ചവയ്‌ക്കുന്ന ബിജെപി 12 വനിതകളെ മത്സരിപ്പിച്ചപ്പോള്‍, കോണ്‍ഗ്രസിന് 11 ഉം ജെഡിഎസിന് 13 ഉം വനിത സ്ഥാനാര്‍ഥികളാണ് ഉള്ളത്. മത്സരിക്കുന്നവരില്‍ സിറ്റിങ് എംഎല്‍എമാരും ചില പുതുമുഖങ്ങളുമുണ്ട്.
മത്സര രംഗത്തുള്ള പ്രധാനപ്പെട്ട ഏതാനും വനിത സ്ഥാനാര്‍ഥികള്‍
സൗമ്യ റെഡ്ഡി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. ഇത് രണ്ടാം തവണയാണ് സൗമ്യ റെഡ്ഡി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജയനഗര്‍ നിയമസഭ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് സൗമ്യ റെഡ്ഡി. 2018ല്‍ പ്രഹ്ലാദ് ബാബുവിനെതിരെ രണ്ടായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് സൗമ്യ റെഡ്ഡി വിജയം കൈപിടിയിലൊതുക്കിയത്. ഇത്തവണ സികെ രാമമൂര്‍ത്തിക്കെതിരെയാണ് സൗമ്യ റെഡ്ഡി മത്സരത്തിനെത്തുന്നത്.
ലക്ഷ്‌മി ഹെബ്ബാൾക്കർ: ബെലഗാവി റൂറലിലെ സിറ്റിങ് എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാൾക്കർ ഇത് രണ്ടാം തവണയാണ് മത്സര രംഗത്തെത്തുന്നത്. ബിജെപിയിലെ സഞ്ജയ് പാട്ടീലിനെതിരെ പൊരുതിയാണ് കഴിഞ്ഞ തവണ മത്സരത്തില്‍ തന്‍റെ സ്ഥാനമുറപ്പിച്ചത്. ബിജെപിയുടെ നാഗേഷ് മുന്നോൽക്കറിനെയാണ് ഇക്കുറി ലക്ഷ്‌മി ഹെബ്ബാള്‍ക്കര്‍ നേരിടുന്നത്. നേരത്തെ രണ്ട് തവണ നേരിടേണ്ടിവന്ന പരാജയങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്‌മി ഹെബ്ബാള്‍ക്കര്‍ എംഎല്‍എ സ്ഥാനം കൈയെത്തിപിടിച്ചത്. 2013ല്‍ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് 2014ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി സുരേഷിനെതിരെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടത്.
ഡോ. അഞ്ജലി നിംബാൽക്കർ: ഖാനാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് ഡോ. അഞ്ജലി നിംബാൽക്കർ ഇത്തവണയെത്തുന്നത്. ഐപിഎസ് ഓഫിസർ ഹേമന്ത് നിംബാൽക്കറുടെ ഭാര്യയാണ് ഡോ. അഞ്ജലി നിംബാൽക്കർ. 2018ലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ബെൽഗാം ജില്ലയിൽ വിജയിച്ച രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരിൽ ഒരാളാണ് ഡോ. അഞ്ജലി നിംബാൽക്കർ.
എം രൂപകല ശശിധർ: കോലാറിലെ കെജിഎഫ് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസിന്‍റെ സിറ്റിങ് എംഎൽഎയാണ് എം രൂപകല ശശിധർ. മുൻ കേന്ദ്രമന്ത്രി മുനിയപ്പയുടെ മകൾ രൂപകല 2018ലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇത്തവണ അതേ മണ്ഡലത്തിൽ നിന്നാണ് എം രൂപകല ശശിധർ മത്സരത്തിനെത്തുന്നത്.
ഖനേസ ഫാത്തിമ: അന്തരിച്ച മുന്‍ മന്ത്രി ഖമറുല്‍ ഇസ്‌ലാമിന്‍റെ ഭാര്യയാണ് ഖനേസ ഫാത്തിമ. കലബുറഗി നോര്‍ത്ത് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ഖനേസ ഫാത്തിമ. ഭര്‍ത്താവ് ഖമറുൽ ഇസ്‌ലാമിന്‍റെ മരണശേഷം 2018ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീലിനെതിരെ അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആദ്യ വിജയം. ഇത്തവണയും അതേ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി ചന്ദ്രകാന്ത് പാട്ടീലിനെതിരെ തന്നെയാണ് പോരാട്ടം.
കുസുമ എച്ച്: രാജരാജേശ്വരിനഗറില്‍ നിന്നാണ് കുസുമ എച്ച് മത്സരത്തിനിറങ്ങുന്നത്. 202ലെ ഉപതെരഞ്ഞെടുപ്പില്‍ മുനിരത്‌നക്കെതിരെ പരാജയപ്പെട്ട കുസുമ എച്ച് വീണ്ടും അദ്ദേഹത്തിനെതിരെ തന്നെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.
ശശികല ജോൾ: നിപ്പാനി മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ സിറ്റിങ് എംഎല്‍എയാണ് ശശിലക ജോള്‍. 2008ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശശികല ജോൾ 2013 വീണ്ടും നടത്തിയ പോരാട്ടത്തിലാണ് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് ശശികല ജോൾ നിപ്പാനി മണ്ഡലത്തെ പ്രതിനീധീകരിച്ചെത്തുന്നത്. കാകാസാഹെബ് പാട്ടീലുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.
പൂർണിമ ശ്രീനിവാസ്: ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ് പൂർണിമ ശ്രീനിവാസ്. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ 12,000 വോട്ടുകള്‍ക്കാണ് പൂർണിമ ശ്രീനിവാസ് വിജയം നേടിയത്. ഇത്തവണയും അതേ മണ്ഡലം തന്നെയാണ് പൂർണിമ ശ്രീനിവാസിന്‍റെ പോരാട്ട വേദി.
രൂപാലി നായിക്: ഉത്തര കന്നഡ ജില്ലയിലെ കാർവാർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎ രൂപാലി നായിക്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആനന്ദ് അസ്‌നോട്‌ക്കറിനെ പരാജയപ്പെടുത്തിയായിരുന്നു മുന്നേറ്റം. ഇത്തവണയും ഇതേ മണ്ഡലത്തില്‍ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് രൂപാലി നായിക്.