ന്യൂഡൽഹി :ലഡാക്കിൽ വാഹനാപകടത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. 26 പേരടങ്ങുന്ന സംഘത്തിൽ 19 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് ഷൈജിൽ ആണ് മരിച്ചത്.
വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു (27.05.22) സംഭവം. ലഡാക്കിലെ തുർതുക് സെക്‌ടറിൽ റോഡിൽ നിന്ന് തെന്നിമാറിയ വഹനം 50 അടി താഴ്‌ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പർതാപൂർ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്‌ടറായ ഹനീഫിലേക്ക് പോകുകയായിരുന്ന വാഹനം ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റവരെ പർതാപൂരിലെ 403 ഫീൽഡ് ആശുപത്രിയിലേക്കാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ ചണ്ഡിമന്ദിറിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവരെ മികച്ച ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് ഐഎഎഫിൽ നിന്ന് വ്യോമമാർഗമുള്ള സഹായവും ആവശ്യപ്പെട്ടിട്ടുള്ളതായി സൈന്യം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്,ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.