ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ കുല്‍ഗാമിലും കുപ്‌വാരയിലുമുലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്‌മീര്‍ സോണ്‍ പൊലീസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഏറ്റുമുട്ടലുകളുടെ ഔദ്യോഗിക വിവരം അധികൃതര്‍ പുറത്തുവിട്ടത്. ഇരു മേഖലകളിലും സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്.
കശ്‌മീരില്‍ ഏറ്റുമുട്ടല്‍ : നാല് ഭീകരരെ വധിച്ച് സൈന്യം - കുല്‍ഗാം ഏറ്റുമുട്ടല്‍
കുല്‍ഗാം, കുപ്‌വാര മേഖലകളിലാണ് സൈന്യവും, ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നത്
കുല്‍ഗാമില്‍ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ശ്രീനഗര്‍ സ്വദേശി ഹാരിസ് ഷറീഫ് (ലഷ്‌കര്‍ ഇ ത്വയ്‌ബ), സക്കീര്‍ പാദ്ദേര്‍ ( ജെയ്‌ഷ ഇ മൊഹമ്മദ് ഭീകരന്‍) എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്‌വാരയിലെ ലോലാബ് മേഖലയില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളില്‍ ഒരാള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബ സംഘടനയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പിടിയിലായ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ് എന്നയാളില്‍ നിന്നാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഭീകരനെക്കുറിച്ചുള്ള വിവരം സൈന്യത്തിന് ലഭിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മേഖല സംയുക്ത സേന വളഞ്ഞത്. പിന്നാലെ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി. ഇതിനിടെ ഒളിത്താവളങ്ങളില്‍ കഴിഞ്ഞിരുന്ന തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.