ന്യൂഡൽഹി: കരിപ്പൂർ വിമാനപകടത്തിലെ അന്വേഷണ റിപ്പോർട്ട് രണ്ട് മാസം വൈകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ജനുവരിയിൽ സമർപ്പിക്കേണ്ടിയിരുന്ന അന്തിമ അന്വേഷണ റിപ്പോർട്ടാണ് വൈകുന്നത്. വിമാനപകടത്തിന്‍റെ കാരണത്തെ കുറിച്ച് പഠിക്കാൻ ക്യാപ്റ്റൻ എസ് എസ് ചാഹലിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും അഞ്ച് മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു നിർദേശം.
കരിപ്പൂർ വിമാനപകടം; അന്വേഷണ റിപ്പോർട്ട് വൈകുന്നു - കേന്ദ്ര വ്യോമയാന മന്ത്രാലയം എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഞ്ചംഗ അന്വേഷണ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. 2021 ജനുവരിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.
എന്നാൽ കൊവിഡ് മഹാമാരി കാരണം ടെസ്റ്റ് റിപ്പോർട്ടുകളിൽ കാലതാമസം നേരിട്ടു. അതിനാൽ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് രണ്ട് മാസത്തെ കാലാവധി കൂടി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ് 1344 വിമാനം കരിപ്പൂരിൽ ലാൻഡിങ്ങിനിടെ അപകടത്തിൽ പെട്ടത്. 21 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഓഗസ്റ്റ് 13നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കു കീഴിൽ അന്വേഷണം പ്രഖ്യാപിച്ചത്.