കൊല്‍ക്കത്ത : ലോക്കപ്പ് മര്‍ദനവും മൂന്നാംമുറയുമെല്ലാം അപരിഷ്‌കൃതരുടേതാണെന്ന പൊതുബോധം സമൂഹത്തില്‍ വളര്‍ന്നതോടെ കുറ്റവാളികളോടുള്ള പൊലീസിന്‍റെ സമീപനത്തില്‍ മാറ്റം വന്നതായി കാണാനാകും. പകരം കേസില്‍ അകപ്പെടുന്നയാളുകളെയും കുറ്റവാളികളെയും 'കണ്ണുരുട്ടി'യും ആക്രമിച്ചുമെല്ലാം കുറ്റം തെളിയിച്ചിരുന്ന 'സ്ഥിരം പൊലീസ്' ശൈലികളും കൊല്‍ക്കത്ത പൊലീസിന് മടുത്തു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കേസന്വേഷണത്തിന്‍റയും ചോദ്യം ചെയ്യലിന്‍റെയും വേളയില്‍ കുറ്റവാളികളോടും പ്രതികളോടും മൃദുവായി സംസാരിക്കാനും ഇവരുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് കുറ്റം തെളിയിക്കാനും പ്രത്യേക വിദ്യ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത പൊലീസ്.
കുറ്റവാളികളെ സുഹൃത്താക്കാന്‍: രാജ്യത്ത് നിലവില്‍ എല്ലാ വർഷവും അന്വേഷണ ഏജൻസികളുടെ യോഗം ചേരാറുണ്ട്. ഇതിലെല്ലാം തന്നെ കുറ്റവാളികളെ എങ്ങനെ ചോദ്യം ചെയ്യണമെന്നുള്ളത് പ്രധാന ചര്‍ച്ചയുമാകാറുമുണ്ട്. എന്നാല്‍ പ്രതിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി സൗഹൃദപരമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുക എന്ന അമേരിക്കൻ രീതി സ്വീകരിക്കാനാണ് കൊല്‍ക്കത്ത പൊലീസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
എന്താണ് അമേരിക്കന്‍ വിദ്യ : പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുറ്റവാളികളെയോ പ്രതികളെയോ സൗഹൃദപരമായി ചോദ്യം ചെയ്യുന്നതാണ് തത്വത്തില്‍ അമേരിക്കൻ പൊലീസ് ശൈലി. അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് പ്രതിയുടെയോ കുറ്റവാളിയുടെയോ ആത്മവിശ്വാസം നേടേണ്ടതുണ്ടെന്നാണ് ഇതിന്‍റെ കാതല്‍. കൊല്‍ക്കത്ത പൊലീസിന്‍റെ പല മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്കും ഇതേ നിലപാട് തന്നെയാണുള്ളത്. മൃദുവായും മാന്യമായും സംസാരിക്കുന്നതിലൂടെ കുറ്റവാളികളുടെ വിശ്വാസം നേടിയെടുക്കാനാവുമെന്ന് ഇവരും ഉറപ്പ് നല്‍കുന്നു. മാത്രമല്ല ഇത്തരം സൗഹൃദപരമായ രീതികൾ പൊലീസിന് നേരെ വരുന്ന മനുഷ്യാവകാശ ലംഘനം എന്ന ചോദ്യം തടയാന്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു.
എതിര്‍പ്പുള്ളവര്‍ക്കും പറയാനുണ്ട് :എന്നാല്‍ അമേരിക്കന്‍ പൊലീസ് ശൈലി രാജ്യത്ത് നടപ്പിലാക്കാനാകില്ലെന്നാണ് ഐപിഎസ് വിഭാഗത്തിലെ ചിലരുടെ നിലപാട്. അമേരിക്കയില്‍ നിന്ന് വളരെ വിഭിന്നമാണ് രാജ്യത്തെ സ്ഥിതി എന്നാണ് ഇവരുടെ വാദം. എന്നിരുന്നാലും പ്രതിയെ മർദിക്കുന്ന പ്രാകൃത ശൈലികളില്‍ നിന്ന് മാറി പുതിയ വൈദേശിക സാങ്കേതികത പരീക്ഷിക്കാന്‍ തന്നെയാണ് കൊല്‍ക്കത്ത പൊലീസിന്‍റെ തീരുമാനം.