ചെന്നൈ: ഡിഎംകെ മുതിർന്ന നേതാവും മുൻസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രിയുമായ കെഎൻ നെഹ്‌റുവിന്‍റെ അനുയായികൾ മുതിർന്ന പാർട്ടി നേതാവ് ട്രിച്ചി ശിവ എംപിയുടെ വസതിയിലെ വാഹനങ്ങൾ തകർത്തു. അദ്ദേഹത്തിന്‍റെ കാറും ഇരുചക്രവാഹനങ്ങളും നശിപ്പിക്കുകയും പൊലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തിന്‍റെ അനുയായികളെ ആക്രമിക്കുകയും ചെയ്‌തു. ബുധനാഴ്‌ചയാണ് സംഭവം നടന്നത്.
അതേസമയം സംഭവത്തിൽ മന്ത്രിയുടെ അനുയായികളെ കുറിച്ച് വിമർശനങ്ങൾ ഉയർന്നതോടെ ഡിഎംകെ നേതൃത്വം നാല് ഭാരവാഹികളെ സസ്‌പെൻഡ് ചെയ്‌തു. നെഹ്‌റുവിന്‍റെ വാഹനവ്യൂഹത്തിന് നേരെ എം പി ശിവയുടെ അനുയായികൾ കരിങ്കൊടി കാട്ടിയതാണ് ആക്രമണത്തിന് കാരണമായത്. ട്രിച്ചി കലക്‌ടർ എം പ്രദീപ് കുമാർ, കോർപ്പറേഷൻ കമ്മിഷണർ ആർ വൈദിനാഥൻ, മേയർ എം അൻപഴകൻ എന്നിവരുടെ വാഹനങ്ങൾ ഉൾപ്പെടുന്നതാണ് മന്ത്രി നെഹ്‌റുവിന്‍റെ വാഹനവ്യൂഹം.
കരിങ്കൊടി ക്ഷണക്കത്തിൽ പേരില്ലാത്തതിന്: ട്രിച്ചിയിലെ രാജ കോളനിയിലുള്ള ബാഡ്‌മിന്‍റൺ കോട്ടിന്‍റെ ഉദ്‌ഘാടനത്തിന് പോകുന്ന വഴിയാണ് ശിവയുടെ അനുയായികൾ കരിങ്കൊടി കാണിച്ചത്. പരിപാടിക്കുള്ള ക്ഷണത്തിൽ പേരില്ലാത്ത എംപിയുടെ വസതിക്ക് മുന്നിലൂടെ വാഹനവ്യൂഹം കടന്നുപോയതാണ് പ്രവർത്തകരെ പ്രകോപിച്ചത്. കൂടാതെ കോർട്ടിലെ ഫലകത്തിനും അദ്ദേഹത്തിന്‍റെ പേര് ഇല്ലായിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.
പൊലീസ് സ്‌റ്റേഷൻ അക്രമിച്ചു: കരിങ്കൊടി കാണിച്ചതിന് പ്രതികാരമായി ഡിഎംകെ പ്രവർത്തകർ എം പിയുടെ വസതിയ്‌ക്ക് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ തല്ലിത്തകർത്തു. കൂടാതെ കൂടുതൽ പ്രവർത്തകർ ട്രിച്ചി പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് ഇരച്ചുകയറുകയും പൊലീസ് കസ്‌റ്റഡിയിലായിരുന്ന എം പിയുടെ അനുയായികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. സ്‌റ്റേ്ഷനിലെ കസേരകൾ ഉൾപ്പടെ വലിച്ചെറിയുകയും സംഘർഷാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു.