പ്രയാഗ്‌രാജ്: മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കനത്ത സുരക്ഷയാണ് യുപിയിലെ വിവിധ ജില്ലകളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതു യോഗങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
അതിഖിന്‍റെയും അഷ്‌റഫിന്‍റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അഭ്യൂഹങ്ങളും പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വൈദ്യപരിശോധനയ്‌ക്കായി അതിഖിനെയും സഹോദരന്‍ അഷ്‌റഫിനെയും എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രയാഗ്‌രാജില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ എത്തിയ അക്രമി സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പിന്നാലെ തന്നെ അക്രമികളെ പൊലീസ് പിടികൂടി.
രാത്രി തന്നെ യോഗം വിളിച്ച് യുപി മുഖ്യമന്ത്രി: ഗുണ്ട നേതാവിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാത്രിയില്‍ തന്നെ ഉന്നത തല യോഗം വിളിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാനും സാധാരണക്കാര്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. യുപി ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദ്, യുപി ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ആർ കെ വിശ്വകർമ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.