കേരളം

kerala

ETV Bharat / bharat

'അന്ന് മോദിക്കെതിരെ പറഞ്ഞത് കോണ്‍ഗ്രസ് വക്‌താവെന്ന നിലയില്‍, അത് നീക്കില്ല' ; 2018ലെ ട്വീറ്റ് കുത്തിപ്പൊക്കിയതില്‍ ഖുഷ്‌ബു - ഇന്നത്തെ പ്രധാന വാര്‍ത്ത

'മോദി എന്ന പേരിന്‍റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റിയാല്‍ കൂടുതല്‍ നന്നായിരിക്കുമെന്നായിരുന്നു' ഖുഷ്‌ബുവിന്‍റെ 2018 ലെ ട്വീറ്റ്

khushbu sundar  khushbu sundar responds  five year old tweet  bjp  congress  modi remark  narendra modi  rahul gandhi  latest national news  രാഹുല്‍ ഗാന്ധി  ട്വീറ്റ് നീക്കം ചെയ്യില്ല  വിവാദ ട്വിറ്റര്‍ പോസ്‌റ്റില്‍ പ്രതികരിച്ച് കുഷ്‌ബു  കുഷ്‌ബുവിന്‍റെ വിവാദ ട്വീറ്റ്  കോണ്‍ഗ്രസ്  പ്രധാന മന്ത്രി നരേന്ദ്ര മോദി  ബിജെപി  ദേശീയ വനിത കമ്മീഷന്‍ അംഗം  കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കുഷ്‌ബു  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'താന്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധിയുടെ വാക്കുകളിലൂടെ, ട്വീറ്റ് നീക്കം ചെയ്യില്ല'; 2018ലെ വിവാദ ട്വിറ്റര്‍ പോസ്‌റ്റില്‍ പ്രതികരിച്ച് കുഷ്‌ബു

By

Published : Mar 25, 2023, 10:11 PM IST

Updated : Mar 25, 2023, 10:26 PM IST

ബെംഗളൂരു : 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ ട്വീറ്റ് കോണ്‍ഗ്രസ് കുത്തിപ്പൊക്കി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുഷ്‌ബു. കോണ്‍ഗ്രസുകാര്‍ എത്രമാത്രം നിരാശയിലാണെന്നാണ് ഇത് കാണിക്കുന്നത്. മറ്റൊരു പണിയുമില്ലാത്ത കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ കുത്തിപ്പൊക്കിക്കൊട്ടേയെന്നും അവര്‍ പറഞ്ഞു.

'മോദി എന്ന പേരിന്‍റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റിയാല്‍ കൂടുതല്‍ നന്നായിരിക്കുമെന്നായിരുന്നു' ഖുഷ്‌ബുവിന്‍റെ അന്നത്തെ ട്വീറ്റ്. 'അഞ്ച് വര്‍ഷത്തിന് മുമ്പ് ആ ട്വീറ്റിലൂടെ താന്‍ സംസാരിച്ചത് അന്നത്തെ നേതാവിന്‍റെ ഭാഷയിലാണ്. ആ ട്വീറ്റ് താന്‍ ഡിലീറ്റ് ചെയ്‌തിട്ടില്ല. ഇനി നീക്കുകയുമില്ല' - ഖുഷ്‌ബു പറഞ്ഞു. 'മോദി അപകീര്‍ത്തിക്കേസി'ലെ ശിക്ഷാവിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുഷ്ബുവിന്‍റെ മോദി വിരുദ്ധ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയത്.

ദേശീയ വനിത കമ്മിഷന്‍ അംഗം കൂടിയായ ഖുഷ്‌ബുവിന്‍റെ 2018ലെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അവര്‍ ഇതുവരെയും അത് നീക്കിയിട്ടില്ല. 2020ലാണ് ഖുഷ്‌ബു കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്.

'ഞാന്‍ അന്ന് കോണ്‍ഗ്രസിലായിരുന്നു. പാര്‍ട്ടി വക്താവ് എന്ന നിലയില്‍ ഞാന്‍ എന്‍റെ കടമ മാത്രമായിരുന്നു നിര്‍വഹിച്ചത്. ഇതായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഞങ്ങള്‍ സംസാരിക്കേണ്ടിയിരുന്ന ഭാഷ, അതാണ് യഥാര്‍ഥത്തില്‍ ഞാന്‍ ചെയ്‌തുകൊണ്ടിരുന്നത്' - ഖുഷ്‌ബു വിശദീകരിച്ചു.

'ഞാന്‍ എന്‍റെ പാര്‍ട്ടി നേതാവിന്‍റെ വാക്കുകളായിരുന്നു പിന്തുടര്‍ന്നിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ മാത്രമല്ല, അവര്‍ ചെയ്‌ത തെറ്റിനെ അവര്‍ അവഗണിക്കുന്ന രീതിയും ഇത് തുറന്നുകാട്ടുന്നു'- ഖുഷ്‌ബു പറഞ്ഞു.

'മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന പേരില്‍ നിങ്ങളുടെ പിന്‍ഗാമിയായ ഖുഷ്‌ബുവിനെതിരെ പരാതി നല്‍കുമോ?' എന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം പിയുമായ ദിഗ്‌വിജയ സിങ് ട്വീറ്റിലൂടെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുനേരെ ചോദ്യം ഉന്നയിച്ചിരുന്നു. 'ഞാന്‍ ആ പോസ്‌റ്റ് ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. ഇനി അങ്ങനെ ചെയ്യാനും പോകുന്നില്ല' - എന്ന് ദിഗ്‌വിജയ സിങ്ങിന്‍റെ ട്വീറ്റിനോട് ഖുഷ്‌ബു പ്രതികരിച്ചു. എന്‍റെ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് എന്താണ് ചെയ്യാന്‍ പോകുന്നത്? എന്നെ രാഹുല്‍ ഗാന്ധിക്ക് തുല്യയാക്കുകയാണോ?' - ഖുഷ്‌ബു ചോദിച്ചു.

'മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്‍മാരാണെന്ന നിലയില്‍ രാഹുല്‍ ഗാന്ധി തരംതാഴ്‌ന്ന് സംസാരിച്ചു. ഞാന്‍ 'അഴിമതി' എന്ന പ്രയോഗം മാത്രമാണ് ഉപയോഗിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി ഈ രണ്ട് പ്രയോഗങ്ങളുടെയും വ്യത്യാസം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്'- 'മോദി' പരാമര്‍ശത്തില്‍ തെറ്റായി ഒന്നും കാണുന്നില്ലേ എന്ന ചോദ്യത്തിന് അവര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഖുഷ്‌ബു: 'ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എനിക്കെതിരെ പരാതി നല്‍കുക. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഞാന്‍ നിയമപരമായി അതിനെ നേരിടും'- ഖുഷ്‌ബു പറഞ്ഞു.

'ഞാന്‍ ബിജെപിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തുന്ന പ്രസ്‌താവനയൊന്നും കോണ്‍ഗ്രസിന് ഇഷ്‌ടമാവില്ല. മുത്തലാഖ്, 370 വകുപ്പ് റദ്ദാക്കിയത്, പുതിയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ഭരണകക്ഷിയെ പുകഴ്‌ത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്തോ പ്രശ്‌നമുണ്ട്'- ഖുഷ്‌ബു കൂട്ടിച്ചേര്‍ത്തു. 100ല്‍ പരം സിനിമകളില്‍ അഭിനയിച്ച ഖുഷ്‌ബു സുന്ദര്‍ ആദ്യം ഡിഎംകെയുടെ ഭാഗമായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിലെത്തിയത്. ശേഷം 2020 ല്‍, പാര്‍ട്ടിയോടുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു.

Last Updated : Mar 25, 2023, 10:26 PM IST

ABOUT THE AUTHOR

...view details