ന്യൂഡൽഹി: ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതിയെ വഴിതടഞ്ഞ് ഖാലിസ്ഥാന്‍ തീവ്രവാദികള്‍. സ്കോട്ട്‌ലൻഡില്‍ ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാര (Glasgow Gurdwara on Albert Drive) സന്ദര്‍ശിക്കാനെത്തിയ ഇന്ത്യൻ സ്ഥാനപതി വിക്രം ദൊരൈസ്വാമിയെയാണ് (Vikram Doraiswami) ഖാലിസ്ഥാനികള്‍ തടഞ്ഞത് (Khalistanis Blocked Indian High Commissioner- Prevented From Entering Gurudwara). ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കാനഡ ബന്ധം വഷളാകുന്നതിനിടെയാണ് മറ്റൊരു രാജ്യത്തുകൂടി ഖാലിസ്ഥാനികള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തുന്നത്. ഗുരുദ്വാര കമ്മിറ്റിയുമായുള്ള ഔദ്യോഗിക ചർച്ചക്കായാണ് ഇന്ത്യന്‍ സ്ഥാനപതി ഗ്ലാസ്‌ഗോയില്‍ എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
സ്ഥാനപതിയുടെ കാര്‍ തടയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയുടെ പരിസരത്തേക്ക് കടന്ന വിക്രം ദൊരൈസ്വാമിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതും കാറിന്‍റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് ഗുരുദ്വാരയിലേക്ക് കടക്കാതെ കാര്‍ വിട്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ സർക്കാറിന്‍റെ എല്ലാ ഉദ്യോഗസ്ഥരോടും ഈ വിധം പെരുമാറണമെന്ന് പറയുന്നതും വീഡിയോയില്‍ കേൾക്കാം. ‘കാനഡയിലെയും മറ്റും സിഖുകാരെ ഇവർ ഉപദ്രവിക്കുകയാണ്. ഗ്ലാസ്ഗോയിൽ ഞങ്ങൾ ചെയ്‌ത പോലെ എല്ലാ ഇന്ത്യൻ അംബാസിഡർമാർക്കെതിരെയും സിഖുകാർ ഇങ്ങനെ പെരുമാറണം.’ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രത്യക്ഷ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, വിഷയം യുകെയുടെ വിദേശകാര്യ ഓഫീസിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഹൈക്കമ്മീഷണറുടെ സുരക്ഷാ പ്രശ്‌നമായതിനാൽ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read:Indo Canadian Fallout ഇന്ത്യ-കാനഡ സംഘർഷം: ബലിയാടാകുന്നത് കൃഷിയും കൃഷിക്കാരുമോ?