ന്യൂഡല്‍ഹി: ആംആദ്‌മി പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള വി ഗോപകുമാറിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഗോപകുമാറിനെ എഎപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഊര്‍ജസ്വലതയുള്ള രാഷ്‌ട്രീയക്കാരനും പ്രൊഫഷണലുമായ അദ്ദേഹത്തിന്‍റെ അനുഭവപരിചയം കേരളത്തിലെ പാർട്ടിയെ വളരാൻ സഹായിക്കുമെന്ന് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്‌ത് കെജ്‌രിവാള്‍ കുറിച്ചു.
ഇന്നലെയാണ് (മാര്‍ച്ച് 17) ഗോപകുമാറിന്‍റെ രാഷ്‌ട്രീയ പ്രവേശനം. എഎപി കേരള സംസ്ഥാന കമ്മിറ്റി പങ്കുവച്ച പോസ്റ്റ്, റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം കുറിച്ചത്. 'കേരളത്തില്‍ പ്രൊഫഷണലായിരിക്കെ രാഷ്‌ട്രീയക്കാരനായി മാറിയ വി ഗോപകുമാറിനെ ഇന്ന് അരവിന്ദ് കെജ്‌രിവാൾ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. രാഷ്‌ട്രീയത്തിലും കോർപ്പറേറ്റ് ലോകത്തിലുമുള്ള അദ്ദേഹത്തിന്‍റെ അനുഭവപരിചയം കേരളത്തിൽ ആം ആദ്‌മി പാർട്ടിക്ക് ഒരു മുതൽക്കൂട്ടാകും. ഇനിയും നിരവധി പ്രൊഫഷണലുകളും നേതാക്കളും ഞങ്ങളുടെ പാര്‍ട്ടിയില്‍ അണിചേരും' - ആംആദ്‌മി പാര്‍ട്ടി കേരളം, തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
കേരളത്തില്‍ നീക്കം ജനക്ഷേമ മുന്നണിയായി:കേരളത്തിൽ ആംആദ്‌മി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ വലിയ നീക്കങ്ങളാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമാണ് പ്രൊഫഷണലുകളെ അടക്കം തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചുള്ള നീക്കം പാര്‍ട്ടി നടത്തുന്നത്. വരുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിലടക്കം ഒന്നിച്ച് മത്സരിക്കാന്‍ ലക്ഷ്യമിട്ട് ആംആദ്‌മി പാർട്ടിയും ട്വന്‍റി -ട്വന്‍റിയും നാലാം മുന്നണി പ്രഖ്യാപനം 2022 മേയ് 15ന് നടത്തിയിരുന്നു. എറണാകുളം കിഴക്കമ്പലത്ത് നടന്ന സമ്മേളനത്തിലാണ് എഎപി - ട്വന്‍റി ട്വന്‍റി സംഖ്യം അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. ജനക്ഷേമ മുന്നണി എന്നാണ് നാലാം മുന്നണിയുടെ പേര്.