ചെന്നൈ: കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിൻ (Vande Bharat Express) ഇന്ന് കൈമാറും. കാവി നിറത്തിലുള്ള ഡിസൈൻ മാറ്റം വരുത്തിയ റേക്കാണ് പാലക്കാട് ഡിവിഷനിലേക്ക് റെയിൽവേ പുതുതായി അനുവദിച്ചത് (Saffron Vande Bharat). എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് രാത്രി ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽനിന്നാണ് (Integral Coach Factory) സതേൺ റെയിൽവേയ്ക്ക് കൈമാറുക (Southern Railway).
പുതിയ ട്രെയിനിന് എറണാകുളം- മംഗലാപുരം, മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂർ റൂട്ടുകളാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്‍റെ എതിർദിശയിലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (Ashwini Vaishnaw) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നേ സർവീസ് തുടങ്ങാൻ കഴിയൂ.
മാറ്റം കളറിൽ മാത്രമല്ല :പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ മാറ്റം നിറത്തിൽ മാത്രമല്ലെന്നാണ് റിപ്പോർട്ട്. നിറം കാവിയാക്കിയതിനൊപ്പം 25 മാറ്റങ്ങൾ പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ കാണാനാകും. സീറ്റുകളുടെ നിറവ്യത്യാസം, സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകൾ, ഫൂട്ട് റെസ്റ്റിന്‍റെ നീളം, മൊബൈൽ ചാർജിങ് പോയിന്‍റുകളിലെ മാറ്റങ്ങൾ എന്നിങ്ങനെയാണ് പരിഷ്‌കാരങ്ങളുടെ പട്ടിക നീളുന്നത്. നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരതുകളിൽ വെള്ള നിറം മൂലം പെട്ടെന്ന് പൊടി പിടിക്കുന്നതിനാലാണ് പുതിയ നിറമാറ്റം എന്നാണ് റെയിൽവേ വിശദീകരിച്ചത്. ഇന്ത്യയുടെ ദേശീയപതാകയുടെ വർണ്ണപദ്ധതിയെ മുൻനിർത്തിയാണ് കാവി നിറം തിരഞ്ഞെടുത്തതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു.