കോയമ്പത്തൂർ:കേരള-തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിലെ കൊടുങ്ങര പുഴയ്ക്ക് സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ആനക്കട്ടിയുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റൊരു ഭാഗം കേരളത്തിലുമായതിനാൽ ആനയെ രക്ഷിക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനിടെയാണ് തമിഴ്‌നാട് വനമേഖലയിൽ ഏഴും കേരള വനമേഖലയിൽ നാലും ഉൾപ്പെടെ 11 വനപാലക സംഘങ്ങൾ തിരച്ചിൽ നടത്തുന്നത്.
അട്ടപ്പാടി വനമേഖലയിലെ പുതൂരില്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബിജു സി.വിയുടെ നേതൃത്വത്തില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുകയാണ്. കേരള വനമേഖലയില്‍ 50 വനപാലകർ അടങ്ങിയ നാല് സംഘങ്ങള്‍ കാട്ടാനയ്‌ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഇതുവരെ കാട്ടാനയെ കണ്ടെത്തിയിട്ടില്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബിജു സി.വി പറഞ്ഞു. തമിഴ്‌നാട്ടിലെ വനമേഖലയിൽ കോയമ്പത്തൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാമസുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തിൽ 5 ഫോറസ്റ്റ് റേഞ്ചര്‍മാര്‍ ഉൾപ്പെടെ എഴുപതിലധികം വനപാലകരാണ് കാട്ടാനയ്ക്കായുള്ള തിരച്ചിൽ നടത്തുന്നത്.