ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി ഡയറക്ടർ ഡോ. എസ്.കെ സിങാണ് ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരുന്ന പ്രവണതയാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ൽ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ പകുതിയിലധികം കേരളത്തിലാണ്. കഴിഞ്ഞ ഒരാഴ്‌ച രാജ്യത്താകെ സ്ഥിരീകരിച്ച കേസുകളുടെ 51.51 ശതമാനവും സംസ്ഥാനത്താണ്.
വാക്‌സിനെടുത്തിട്ടും കൊവിഡ് പിടിപെടുന്നു
കഴിഞ്ഞ രണ്ട് ആഴ്‌ചകളില്‍ സംസ്ഥാനത്തെ 11 ജില്ലകളും കൊവിഡ് കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്‌സിനെടുത്തിട്ടും കൊവിഡ് പിടിപെടുന്ന ബ്രേക് ത്രൂ കേസുകൾ പത്തനംതിട്ട പോലുള്ള ജില്ലകളിൽ കൂടുതലാണ്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കൊവിഡ് വര്‍ധിച്ചുവരുന്നത് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ 80 ശതമാനം കേസുകളും മറ്റ് സംസ്ഥാനങ്ങളെ പോലെ ഡെൽറ്റ വകഭേദ കേസുകള്‍ ആണ്. കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഡോ. എസ്.കെ സിങ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് പരിശോധനയിലൂടെ നിയന്ത്രണം കൊണ്ടുവരുന്നത് എങ്ങനെയാണ്, കോൺടാക്ട് ട്രെയ്‌സിങ് അടിസ്ഥാനമാക്കിയുള്ള കണ്ടെയ്ൻമെന്‍റെ് സോണുകളുടെ നിരീക്ഷണം എന്നിവയെക്കുറിച്ച് സംഘം പരിശോധിച്ചിട്ടുണ്ട്.