ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ രൂപീകരിച്ച നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി വ്യർഥമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി സർക്കാരിന് എതിരെ ഇറക്കിയ ഓർഡിനൻസിൽ, കേന്ദ്ര സർക്കാരിനെതിരായ അക്രമണത്തിന്‍റെ ഭാഗമാണ് പുതിയ പ്രസ്‌താവന. നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി ഡൽഹി സർക്കാരിന്‍റെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓർഡിനൻസിനെ രൂക്ഷമായി വിമർശിച്ചു.
ഡൽഹി സർക്കാരിലെ ഗ്രൂപ്പ് എ ഓഫിസർമാരുടെ സ്ഥലം മാറ്റവും നിയമനവും കൈകാര്യം ചെയ്യുന്നതിന് നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയെയാണ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിയമനം ഉൾപ്പടെ ഡൽഹി സർക്കാരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഭരണകൂടത്തിന് തന്നെയാണെന്ന് സുപ്രീം കോടതി മെയ് മാസത്തിൽ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്.
സർക്കാരിന്‍റെ അധികാരങ്ങൾ തട്ടിയെടുക്കാനാണ് കേന്ദ്രം ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഈ ഓർഡിനൻസ് ചീഫ് സെക്രട്ടറിയെ കാബിനറ്റിന് മുകളിൽ പ്രതിഷ്‌ഠിക്കുന്നതിന് തുല്യമാണെന്നും ആം ആദ്‌മി പാർട്ടി അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരിലൂടെ ഡൽഹിയെ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്‍റെ താത്പര്യം.
സർക്കാരിനെ ഉദ്യോഗസ്ഥരിലൂടെ നിയന്ത്രിക്കാൻ ശ്രമം : ഓരോ മന്ത്രിക്കും മുകളിൽ ഒരോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി സർക്കാരിനെ ഉദ്യോഗസ്ഥരിലൂടെ നിയന്ത്രിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. മന്ത്രിമാർ എടുക്കുന്ന തീരുമാനങ്ങൾ നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.