മഞ്ഞ് പെയ്യുന്ന കേദാര്‍നാഥ് രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): കേദാര്‍നാഥിലെത്തുന്ന തീര്‍ഥാടകരെ കാത്തിരിക്കുന്നത് മഞ്ഞ് മൂടിയ നടപ്പാത. ഇത്തവണ ഉണ്ടായ കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് കേദാര്‍നാഥിലേക്കുള്ള പാതയില്‍ പലയിടങ്ങളിലായി 15 അടിയിലധികം ഉയരമുള്ള ഹിമാനികളാണ് രൂപപ്പെട്ടത്. ഈ ഹിമപാളികള്‍ വെട്ടിമാറ്റി കേദാര്‍നാഥ് ധാമിലേക്കുള്ള പാത ഒരുക്കിയെങ്കിലും ഇവിടുത്തെ കാലാവസ്ഥ ഇപ്പോഴും അനുകൂലമല്ല.
എല്ലാ ദിവസവും വൈകിട്ടാകുമ്പോഴേക്ക് പ്രദേശത്ത് മഞ്ഞ് വീഴ്‌ച ആരംഭിക്കും. തണുപ്പും അതിരൂക്ഷമാണ്. ഇത്തരമൊരു കാലാവസ്ഥയില്‍ ഹിമപാളികള്‍ ഉരുകുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.
മഞ്ഞ് വീഴ്‌ചയും തണുപ്പും രൂക്ഷമാണെങ്കിലും മറുഭാഗത്ത് കേദാര്‍നാഥ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഏപ്രില്‍ 25 ന് തീര്‍ഥാടകര്‍ക്കായി കേദാര്‍നാഥ് ധാമിന്‍റെ നട തുറക്കും. അതിന് മുമ്പായി ഏപ്രില്‍ 21ന് ബാബ കേദാറിന്‍റെ വിഗ്രഹവുമായുള്ള ഘോഷയാത്ര ഉഖിമത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് പുറപ്പെടും.
ഏപ്രില്‍ 15 മുതല്‍ കേദാര്‍നാഥ് സന്ദര്‍ശിക്കാന്‍ പ്രദേശവാസികള്‍ക്കും അനുമതി ഉണ്ട്. തീര്‍ഥാടനം ആരംഭിക്കുന്ന ഏപ്രില്‍ 25ന് തന്നെ കേദാര്‍നാഥ് ധാമിലേക്കുള്ള ഹെലികോപ്‌റ്റര്‍ സര്‍വീസുകളും ആരംഭിക്കും. ഹെലികോപ്‌റ്റര്‍ സര്‍വീസ് ബുക്കിങ് ഇന്നലെ ആരംഭിച്ചിരുന്നു.
ഇത്തവണ മാര്‍ച്ച് മാസത്തില്‍ കേദാര്‍നാഥ് ധാം ഉള്‍പ്പടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞ് വീഴ്‌ചയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മഞ്ഞ് വീഴ്‌ചയില്‍ ലിഞ്ചൗലി, ഭൈരവ് ഗദേര തുടങ്ങിയ പ്രദേശങ്ങളിൽ 15 അടിയിൽ അധികം ഉയരമുള്ള ഹിമാനികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഹിമാനികൾ വെട്ടിമാറ്റി തീർഥാടകർക്ക് വഴിയൊരുക്കാന്‍ പ്രദേശത്ത് തൊഴിലാളികളെ നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍.
നിലവില്‍ കേദാര്‍നാഥ് ധാമില്‍ കാലാവസ്ഥ മോശമായി തുടരുകയാണ്. ഓരോ ദിവസവും തണുപ്പും മേഖലയില്‍ കൂടിവരികയാണ്. കേദാര്‍നാഥിലേക്കുള്ള തീര്‍ഥാടനം ആരംഭിക്കുന്നതോടെ ആദ്യഘട്ടത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഹിമാനികള്‍ക്കിടയിലൂടെ സഞ്ചരിക്കേണ്ടി വരും.
മഞ്ഞുമലകള്‍ക്ക് ഇടയിലൂടെ ഉള്ള യാത്ര വേറിട്ട അനുഭവം ആകും തീര്‍ഥാടകര്‍ക്ക് സമ്മാനിക്കുക. മഞ്ഞ് നീക്കി കേദാർനാഥ് ധാമിലേക്കുള്ള വഴി ഒരുക്കിയതായി ഡിഎം മയൂർ ദീക്ഷിത് പറഞ്ഞു. 'ധാമില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടക്കുകയാണ്. കാലാവസ്ഥ ഇടയ്ക്ക് മോശമാകുന്നുണ്ടെങ്കിലും അധികൃതരും തൊഴിലാളികളും തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു' - മയൂര്‍ ദീക്ഷിത് പറഞ്ഞു. അതേസമയം, ചാര്‍ ധാം തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രിൽ 22 ന് ഗംഗോത്രിയുടെയും യമുനോത്രി ധാമിന്‍റെയും നട തീർഥാടകർക്കായി തുറക്കും.