ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഭാരത് രാഷ്‌ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ചോദ്യം ചെയ്‌ത് ഇഡി. ഏകദേശം ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു നടന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിയോടെ കവിത ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായി.
ബിജെപിയോട് പൊരുതും: തുടര്‍ന്ന് മാര്‍ച്ച് 16ന് ചോദ്യം ചെയ്യലിനിനായി വീണ്ടും ഹാജരാകണമെന്ന് ഇഡി കവിതയോട് നിര്‍ദേശിച്ചു. ബിജെപി മനഃപൂര്‍വം കെട്ടിച്ചമച്ച സംഭവമാണിതെന്നും ഇതിനെതിരെ ബിജെപിയോട് പൊരുതുമെന്നും തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ ഏജന്‍സി ബിജെപിയുമായി പങ്കാളിയായിരിക്കുകയാണെന്നും ബിആര്‍എസ് പ്രതികരിച്ചു.
സംഭവത്തെ തുടര്‍ന്ന് തെലങ്കാന ഭവന് പുറത്ത് ബിആര്‍എസ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം മുന്നില്‍ കണ്ട് ഇഡി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനായി വ്യാഴാഴ്‌ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടുവെങ്കിലും ബജറ്റ് സമ്മേളനത്തില്‍ വനിത സംവരണത്തില്‍ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു.
ഇന്ന് കവിത ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി ഡല്‍ഹിയിലെ കെസിആറിന്‍റെ വസതിയ്‌ക്ക് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ശേഷം, പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇഡി ആസ്ഥാനത്ത് എത്തുകയായിരുന്നു. കെടിരാമ റാവും പിതാവ് കെസിആറിന്‍റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ കഴിഞ്ഞ ദിവസം തന്നെ എത്തിച്ചേര്‍ന്നിരുന്നു.
തെലങ്കാന മുഖ്യമന്ത്രിയ്‌ക്കും ബിആര്‍എസിനും എതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടിയെന്ന് കവിത പ്രതികരിച്ചു. ബിജെപിയ്‌ക്കെതിരെ തുടര്‍ന്നും പോരാടുമെന്നും ഭീഷണിപ്പെടുത്തിയാല്‍ പിന്‍മാറാനാവില്ലെന്നും കവിത അറിയിച്ചു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു കവിത തന്‍റെ പ്രതികരണമറിയിച്ചത്.
ചോദ്യം ചെയ്യല്‍ അരുണ്‍ രാമചന്ദ്രപിള്ളയോടൊത്ത്:ഡല്‍ഹി മദ്യനയ കേസില്‍ അറസ്‌റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുണ്‍ രാമചന്ദ്രപിള്ളയോടൊത്ത് ചോദ്യം ചെയ്യുന്നതിനായാണ് കവിതയോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിന്‍റെ ഭാഗമായി മദ്യം മൊത്തമായും ചില്ലറയായും വില്‍ക്കുന്നവര്‍, വ്യാപാരികള്‍ തുടങ്ങിയവരെ ഉള്‍പെടുത്തിയുള്ള സൗത്ത് ഗ്രൂപ്പിന്‍റെ പ്രധാനപ്പെട്ട വ്യക്തികളിലൊന്നാണ് അറസ്‌റ്റിലായ അരുണ്‍ രാമചന്ദ്രന്‍ പിള്ള.
ഡല്‍ഹി മദ്യനയം രൂപപ്പെടുത്തുവാനായി രൂപീകരിച്ച മദ്യവ്യവസായികളുള്‍പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രതിനിധിയാണ് കവിത എന്നതാണ് ഇഡി ഉയര്‍ത്തുന്ന ആരോപണം. കവിതയെ കൂടാതെ, അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രമോട്ടര്‍ ശരത് റെഡ്ഡി, മഗുന്ത ശ്രീനിവാസലു റെഡ്ഡി എം പി. ഇദ്ദേഹത്തിന്‍റെ മകന്‍ രാഷവ് മഗുന്ത തുടങ്ങിയവരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കൂടാതെ, സൗത്ത് ഗ്രൂപ്പ് എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2021ലാണ് എക്‌സൈസ് നയം പാസാക്കിയത്. വ്യാജമദ്യമോ നികുതി അടയ്‌ക്കാത്ത മദ്യമോ വില്‍ക്കുന്നത് ഇല്ലാതാക്കുവാനും ഒപ്‌റ്റിമല്‍ വരുമാനം സാധ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ നയം രൂപീകരിച്ചത്.