ഹൈദരാബാദ് : തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബിആർഎസിന്‍റെ പുതിയ നിയമസഭ കക്ഷി നേതാവാകും (KCR Elected BRS Legislature Party Leader In Telangana). ഇന്ന് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് റാവുവിനെ നേതാവായി തെരഞ്ഞെടുത്തത്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി തെലങ്കാന ഭവനിൽ ചേർന്ന യോഗത്തിൽ ഐക്യകണ്‌ഠേനയാണ് ചന്ദ്രശേഖര റാവുവിനെ (K Chandrasekhar Rao) ബിആർഎസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതെന്ന് പാർട്ടി ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.
മുൻ നിയമസഭ സ്‌പീക്കർ പോചരം ശ്രീനിവാസ് റെഡ്ഡിയാണ് (Pocharam Srinivas Reddy) കെസിആറിന്‍റെ പേര് നിർദേശിച്ചത്. മുൻ മന്ത്രിമാരായ ടി ശ്രീനിവാസ് യാദവ്, കഡിയം ശ്രീഹരി എന്നിവര്‍ നാമനിര്‍ദേശത്തെ പിന്തുണച്ചു. അതേസമയം ഇന്ന് നടന്ന ബിആർഎസ് നിയമസഭ സമ്മേളനത്തിലും നിയമസഭയിലെ സത്യപ്രതിജ്ഞയിലും കെസിആർ പങ്കടുത്തില്ല. ആരോഗ്യനില മോശമായതിനാൽ അദ്ദേഹം ബിആർഎസ് നിയമസഭ സമ്മേളനത്തിലും സത്യപ്രതിജ്ഞയിലും പങ്കെടുക്കില്ലെന്ന് കെസിആറിന്‍റെ മകനും ബിആർഎസ് വർക്കിങ് പ്രസിഡന്‍റുമായ കെ ടി രാമറാവു (K T Rama Rao) പറഞ്ഞിരുന്നു.
വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (KCR Hospitalized). വീഴ്‌ചയിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇന്നലെ (ഡിസംബര്‍ 8) പുലര്‍ച്ചെയാണ് കെസിആറിനെ നഗരത്തിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ടമായതോടെ കെസിആര്‍ തന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് നഗരത്തിന് പുറത്തുള്ള എരവല്ലിയിലെ ഫാം ഹൗസിലായിരുന്നു താമസം. അവിടെ വച്ചാണ് അദ്ദേഹത്തിന് അപകടമുണ്ടായത്.
Also Read:ബിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ആശുപത്രിയില്‍, വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി