സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിസി കാ ഭായ് കിസി കി ജാന്‍റെ' ട്രെയിലർ പുറത്ത്. ബോളിവുഡിലെ സൂപ്പർ താരങ്ങളും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഉൾപ്പെടെ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയിലർ പുറത്തുവിട്ടത്.
സൽമാനെ കൂടാതെ ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ, ഭൂമിക ചൗള, ജഗപതി ബാബു, വിജേന്ദർ സിങ്, അഭിമന്യു സിങ്, രാഘവ് ജുയൽ, സിദ്ധാർഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
2003ൽ റിലീസായ 'തേരേ നാമിന്' ശേഷം സൽമാൻ ഖാനും ഭൂമിക ചൗളയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'കിസി കാ ഭായ് കിസി കി ജാനു'ണ്ട്. ഇരുവരും വീണ്ടും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുന്നത് ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇതിനിടെ ട്രെയിലർ ലോഞ്ചിൽ 'തേരേ നാം' സെറ്റിൽ നിന്നുള്ള രസകരമായ ചില കഥകളും ഭൂമിക ചൗള ആരാധകരുമായി പങ്കിട്ടു.
'നാം മാറിക്കൊണ്ടിരിക്കുന്നു':എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന സൽമാന്‍റെ രീതിയെ താൻ ഇഷ്‌ടപ്പെടുന്നതായി പറഞ്ഞ ഭൂമിക, 2003ൽ നടന്ന തേരേ നാമിന്‍റെ ഓഡിയോ ലോഞ്ചിൽ സൽമാനെ അബദ്ധത്തിൽ 'ഭായ്' എന്ന് വിളിച്ചതായും വ്യക്‌തമാക്കി. അതിൽ ഖേദമുണ്ടെന്ന് പറഞ്ഞ ഭൂമിക ഇന്ന് താൻ അങ്ങനെ വിളിക്കില്ലെന്ന് പറഞ്ഞത് സദസിൽ കൂട്ടച്ചിരി ഉയർത്തി.
തേരേ നാം റിലീസായി 20 വർഷങ്ങൾ പിന്നിടുമ്പോൾ തങ്ങളിൽ വലിയ മാറ്റങ്ങളാണ് കാണാനാകുന്നതെന്നും ഭൂമിക പറഞ്ഞു. ഒരിക്കൽക്കൂടി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മറ്റൊരു ജീവിതകാലം കൂടി കടന്നുപോയത് പോലെ തോന്നുന്നു. അന്ന് തങ്ങൾ രണ്ടുപേരും ചെറുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ തങ്ങൾ എല്ലാവരും പക്വത പ്രാപിച്ചു. നാം മാറിക്കൊണ്ടിരിക്കുകയാണെന്നും ഭൂമിക പറഞ്ഞു.
ആക്ഷനും കോമഡിക്കും പ്രധാന്യം നൽകി ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന 'കിസി കാ ഭായ് കിസി കി ജാൻ' സല്‍മാന്‍ ഖാന്‍ തന്നെയാണ് നിര്‍മിക്കുന്നത്. നേരത്തെ സൂപ്പർ താരം രാം ചരണ്‍ ഉൾപ്പെടെ ചുവടുവെച്ച ചിത്രത്തിലെ 'യെന്‍റമ്മാ' എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വി മണികണ്‌ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
കെജിഎഫ് ഫെയിം രവി ബസ്രുര്‍, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീര്‍, പായല്‍ ദേവ്, സാജിദ് ഖാന്‍, അമാല്‍ മല്ലിക് എന്നിവരാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. രവി ബസ്രുര്‍ തന്നെയാണ് പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. അനല്‍ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ബോക്‌സ് ഓഫിസ് കീഴടക്കാൻ ടൈഗർ: ടൈഗര്‍ - 3 ആണ് സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗസ്റ്റ് റോളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. സിനിമയില്‍ ഇരുവരും ഒന്നിച്ചുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനായി 45 ദിവസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഒരു കൂറ്റന്‍ സെറ്റ് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.