ശ്രീനഗർ: കശ്‌മീരി പണ്ഡിറ്റായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. 24 മണിക്കൂറിനുള്ളിൽ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന ആവശ്യവുമായി കശ്‌മീരി പണ്ഡിറ്റ് ജീവനക്കാർ രംഗത്തെത്തി. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചില്ലെങ്കിൽ താഴ്‌വരയിൽ നിന്ന് കൂട്ട പലായനം നടത്തുമെന്നും പണ്ഡിറ്റുകൾ മുന്നറിയിപ്പ് നൽകി.
'കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകം തുടർന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷ നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിച്ച് മടുത്തു. 24 മണിക്കൂറിനുള്ളിൽ സർക്കാർ ഞങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ കൂട്ട കുടിയേറ്റം നടത്തുമെന്ന് ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.
'ഞങ്ങളുടെ പ്രതിനിധി സംഘം ലഫ്‌റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇവിടെ നിന്ന് മാറിയാൽ മാത്രമേ ഞങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളു. താഴ്‌വരയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ രണ്ടോ മൂന്നോ വർഷത്തേക്ക് താത്‌കാലികമായി സ്ഥലം മാറ്റണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റ് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം', പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.
READ MORE:കുല്‍ഗാമില്‍ ഭീകരാക്രമണം; കശ്‌മീരി പണ്ഡിറ്റായ അധ്യാപിക കൊല്ലപ്പെട്ടു
തെക്കൻ കശ്‌മീര്‍ ജില്ലയായ കുല്‍ഗാമിലെ ഗോപാൽപുര മേഖലയിൽ ചൊവ്വാഴ്‌ച രാവിലെയാണ് സാംബ സ്വദേശിയായ സ്‌കൂള്‍ അധ്യാപിക രജ്‌നി ബാല (36) വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ പിടികൂടാന്‍ സൈന്യം പ്രദേശം വളഞ്ഞെങ്കിലും കണ്ടെത്താനായില്ല. മെയ് 12ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.