ബെംഗളൂരു:കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറിനെക്കുറിച്ച് മുൻ എംപി വിഎസ് ഉഗ്രപ്പയും കെപിസിസി കോർഡിനേറ്റർ സലീമും തമ്മില്‍ നടത്തിയ സംഭാഷണം കർണാടക കോൺഗ്രസില്‍ വിവാദത്തിന് തിരികൊളുത്തുന്നു. ഒരു പരിപാടിയുടെ സ്റ്റേജില്‍ ഇരിക്കുമ്പോഴായിരുന്നു സലീം അഹമ്മദും ഉഗ്രപ്പയും തമ്മില്‍ രഹസ്യമായി ഡികെ ശിവകുമാറിനെ കുറിച്ച് സംസാരിച്ചത്. ഇത് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വിവാദമായത്.
അഴിമതിക്കാരനും മദ്യപാനിയും
ഡികെ ശിവകുമാർ അഴിമതിക്കാരനും മദ്യപാനിയുമാണെന്നായിരുന്നു ഇരുവരും പരസ്‌പരം പറഞ്ഞത്. ശിവകുമാര്‍ സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് രക്തസമ്മര്‍ദം കുറഞ്ഞതുകൊണ്ടാണോ അതോ മദ്യപിച്ചിട്ടാണോ എന്ന് ഉഗ്രപ്പയോട് സലീം ചോദിക്കുന്നുണ്ട്.
അതിന് മറുപടിയായി, മാധ്യമങ്ങളും ഇത്തരം ചോദ്യം ചോദിക്കുന്നുണ്ടെന്നും ഡികെയെ പ്രസിഡന്‍റാക്കാന്‍ തങ്ങള്‍ കഠിനമായി പ്രയത്നിച്ചിരുന്നു. പക്ഷേ അദ്ദേഹവും പാര്‍ട്ടിയും തങ്ങളെ വേദനിപ്പിച്ചെന്നും സലീം ഉഗ്രപ്പയോട് പറയുന്നുണ്ട്.
ഏറ്റുപിടിച്ച് ബിജെപി
വീഡിയോ പുറത്ത് വന്നതോടെ ഡികെ ശിവകുമാറിനെതിരെ ബിജെപി രംഗത്ത് എത്തി. നിങ്ങള്‍ കള്ളനാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിക്കുന്നത്. ശരിക്കും നിങ്ങള്‍ കള്ളനാണോ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. 'മുന്‍പ് ആറ് മുതല്‍ എട്ട് ശതമാനം വരെ ആയിരുന്നു, ശിവകുമാര്‍ വന്നപ്പോള്‍ ഇത് 12 ശതമാനമായി' എന്ന് സലീം അഹമ്മദ് പറയുന്നുണ്ട്.