യാദഗിരി (കർണാടക):തേളിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കര്‍ണാടകയില്‍. യാദഗിരി ജില്ലയിലെ ഗുര്‍മീത്കല്‍ താലൂക്കിലുള്ള കന്ദകൂറ ഗ്രാമത്തിലെ കൊണ്ടമേശ്വരി ക്ഷേത്രമാണ് ആരാധനയിലെ വ്യത്യസ്ഥത മൂലം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ശ്രാവണ മാസത്തിലെ നാഗപഞ്ചമി ദിനം ഇവിടെയെത്തുന്ന ഭക്തര്‍ തേളുകളെ കൈകളില്‍ എടുക്കുകയും ശരീരത്തില്‍ ഇഴയാന്‍ അനുവദിക്കുകയും ചെയ്യും.
പഞ്ചമി ദിനത്തില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യം നാഗപഞ്ചമി ദിനത്തില്‍ വൈകിട്ടോടെ കുന്നിന്‍റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഭക്തരെത്തും. തുടര്‍ന്ന് വിഗ്രഹത്തിന് നൈവേദ്യമായി പാല്‍ സമര്‍പ്പിക്കും. ചില വിശ്വാസികള്‍ സാരി, നാളികേരം, വെളിച്ചെണ്ണ എന്നിവയും ക്ഷേത്രത്തില്‍ സമര്‍പ്പിക്കാറുണ്ട്. ഇതിന് ശേഷം ക്ഷേത്ര പരിസരത്ത് കാണുന്ന തേളുകളെ പിടിച്ച് ശരീരത്തില്‍ ഇഴയാന്‍ അനുവദിക്കും. തോളത്തും കൈകളിലും മുഖത്തും നാക്കിലും വരെ തേളിനെ വയ്ക്കുന്നവരുണ്ട്.
കുറച്ച് നേരത്തിന് ശേഷം ഈ തേളുകളെയെല്ലാം ശേഖരിച്ച് ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുകളില്‍ ചൊരിയുന്നതോടെ ഉത്സവം അവസാനിക്കും. നാഗപഞ്ചമി ദിനം മാത്രമാണ് ക്ഷേത്ര പരിസരത്ത് തേളുകളെ കാണുന്നതെന്നാണ് പ്രദേശവാസികളുടെ അവകാശവാദം. തേളുകളെ എടുക്കുമ്പോഴും ശരീരത്തില്‍ വയ്ക്കുമ്പോഴും അവ കടിക്കാറില്ലെന്നും തേളിനെ ആരാധിക്കുന്നത് കൊണ്ടാണിതെന്നുമാണ് വിശ്വാസികള്‍ പറയുന്നത്.
അപൂര്‍വമായി ആരെയെങ്കിലും തേള്‍ കടിച്ചാല്‍ മുറിവില്‍ മഞ്ഞള്‍പൊടി പുരട്ടും. ഇത് മൂലം ശരീരത്തില്‍ വിഷം കയറാറില്ലെന്നും വിശ്വാസികള്‍ പറയുന്നു. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ഭക്തർ കൊണ്ടമേശ്വരി ക്ഷേത്രത്തില്‍ എത്താറുണ്ട്.
Also read: അത്യപൂർവം ഈ ഉറുമ്പ് ക്ഷേത്രം, ഉറുമ്പച്ചൻ കോട്ടത്തിന്‍റെ കഥയറിയാൻ കണ്ണൂരിലേക്ക് പോകാം