ബെംഗളൂരു:കര്‍ണാടകക്ക് അനുവദിച്ച ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍റെ അളവ് ദിവസേനെ 1200 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം വിലയിരുത്തിയാണ് നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്തിന് അനുവദിക്കുന്ന ഓക്സിജന്‍റെ അളവ് 965 മെട്രിക് ടണ്‍ ആണ്. ചീഫ് ജസ്റ്റ്സ് അഭയ് ഒക, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സംസ്ഥാനത്തിന് വിതരണം ചെയ്യുന്ന ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിവേദനം ഏപ്രില്‍ 30ന് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ചക്ക് വേണ്ട ഓക്സിജന്‍റെ എസ്റ്റിമേറ്റ് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
Read more: കർണാടകയിൽ ഓക്‌സിജൻ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ നിവേദനം പരിഗണിക്കുന്നത് വരെ ദിവസേനെയുള്ള ഓക്സിജന്‍ വിതരണത്തിന്‍റെ അളവ് 1200 മെട്രിക് ടണ്‍ ആക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കൊവിഡ് ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ക്യാബിനറ്റ് മന്ത്രിമാരെയാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരിയപ്പ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിന് ഓക്സിജന്‍ വിതരണത്തിന്‍റെ ചുമതല നല്‍കിയപ്പോള്‍ കൊവിഡ് സംബന്ധമായ ചികിത്സയുടേയും മരുന്നുകളുടേയും ചുമതല ഉപ മുഖ്യമന്ത്രി ഡോ. സിഎന്‍ അശ്വന്ത് നാരായണിനാണ്. മെഡിക്കല്‍ കോളേജ്, സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബെഡ്ഡ് സൗകര്യത്തിന്‍റെ ചുമതല ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മാനിക്കും റവന്യൂ മന്ത്രി ആര്‍ അശോകും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
Read more:ഓക്സിജൻ ക്ഷാമം:കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി