ബെംഗളൂരു: ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങി കൊറിയര്‍ വഴി വിൽപ്പന നടത്തിയതിന് കര്‍ണാടകയില്‍ അഞ്ച് പേര്‍ പിടിയില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് (സിസിബി) കീഴിലുള്ള നാര്‍കോട്ടിക്‌സ് സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടവരാണ് വലയിലായത്.
30 ലക്ഷം വിലമതിക്കുന്ന 300 എംഡിഎംഎ ടാബ്‌ലെറ്റുകൾ, എക്‌സ്-ടെൻസി, 150 എൽഎസ്‌ഡി സ്ട്രൈപ്പുകൾ, 250 ഹാഷിഷ് ഓയിൽ, ഒരു കിലോ മരിജ്വാന, 5 ഫോണുകൾ, ഒരു ബൈക്ക് എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
Also read: ബൈക്കുകളുടെ പെട്രോൾ ടാങ്കുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചരസ് പിടികൂടി
ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ ഹിമാചൽ പ്രദേശില്‍ പോയി മയക്കുമരുന്ന് വാങ്ങുകയായിരുന്നുവെന്ന് നാര്‍ക്കോട്ടിക്‌സ് വിഭാഗം വ്യക്തമാക്കി. ഡാർക്ക്‌വെബ് ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളിലൂടെ ഇടപാട് നടത്തി വിദേശത്തുനിന്ന് എംഡിഎംഎ, എക്‌സ്-ടെൻസി ടാബ്‌ലെറ്റുകൾ വാങ്ങുകയായിരുന്നു.
ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്. തുടർന്ന് ആമസോൺ ടേപ്പ് ഒട്ടിച്ച് കൊറിയർ വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളിലൊരാൾ ഐടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. മറ്റൊരു പ്രതി നിയമ വിദ്യാർഥിയാണ്. ബയാദരഹള്ളി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.