ബെലഗാവി:കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാവുന്നത് ബെലഗാവി ജില്ലയാണ്. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ല എന്നതിലുപരി മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം കൊണ്ടാണ് എല്ലാകണ്ണുകളും ബെലഗാവിയിലേക്ക് നീളുന്നത്. സിറ്റിങ് എംഎല്‍എമാരായ ലക്ഷ്‌മി ഹെബ്ബാൾക്കർ, അഞ്ജലി നിംബാൽക്കർ, കോൺഗ്രസിൽ നിന്നുള്ള പ്രഭാവതി മസ്‌തമർദി, ബിജെപിയിൽ നിന്നുള്ള ശശികല ജോലെ, അന്തരിച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ ആനന്ദ് മാമണിയുടെ ഭാര്യ രത്‌ന മാമണി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് സഭയിലേക്ക് എന്‍ട്രി കാത്തിരിക്കുന്നത്. ഇതിനൊപ്പം ജനതാദള്‍ സെക്കുലറില്‍ നിന്നുള്ള അശ്വിനി സിംഹയ്യ പൂജേര കൂടി മത്സരരംഗത്തെത്തിയതോടെ ബെലഗാവി വനിത ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ്.
വീഴ്‌ചകളില്‍ നിന്ന് ഉയര്‍ന്ന്:ഇവരില്‍ കന്നട രാഷ്‌ട്രീയ മണ്ണില്‍ തോല്‍വികള്‍ ചവിട്ടുപടികളാക്കി ഉയര്‍ന്നുവന്ന നേതാവാണ് കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കർ. 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ലക്ഷ്‌മി ആദ്യമായി മത്സരിക്കുന്നത്. എന്നാല്‍ പരാജയമായിരുന്നു ഫലം. തുടര്‍ന്ന് നടന്ന 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ലക്ഷ്‌മി ഹെബ്ബാൾക്കർ ജനവിധി തേടിയെങ്കിലും വിജയം അകന്നുനിന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തെ പരിഗണിക്കാതെ 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെലഗാവി റൂറലില്‍ നിന്ന് തന്‍റെ മൂന്നാം അങ്കത്തിനിറങ്ങിയ ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പിഴച്ചില്ല. 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ പ്രഭാവവും ജനസ്വാധീനവും തന്നെയാണ് ഇത്തവണയും ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാനുള്ള കാരണവും.
ഹാട്രിക് തേടി:ബെലഗാവിയുടെ മറ്റൊരു മുഖമാണ് എംഎല്‍എയും മന്ത്രിയുമായ ശശികല ജോലെ. വീഴ്‌ചകളില്ലാതെ മുന്നേറിയ ശശികലയ്‌ക്കും ഇത് മൂന്നാം അങ്കം തന്നെയാണ്. 2013 ലെ തെരഞ്ഞെടുപ്പിലും 2018 ലെ തെരഞ്ഞെടുപ്പിലും നിപ്പണി മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തിയ ശശികല ജോലെ, മുൻ യെദ്യൂരപ്പ സർക്കാരിലും ബൊമ്മൈ സർക്കാരിലും മന്ത്രിയുമായി. ജില്ലയില്‍ സുശക്തരായ നേതാക്കളെ മറികടന്ന് മന്ത്രിപദത്തിലെത്തിയതും ജോലെയുടെ മികവ് അടിവരയിടുന്നതാണ്. ഇത് പരിഗണിച്ചുതന്നെയാണ് ബിജെപി ശശികല ജോലെയ്‌ക്ക് ഹാട്രിക് ടിക്കറ്റ് സമ്മാനിക്കുന്നതും.