ബെംഗളൂരു :കർണാടക നിയമസഭ തെരഞ്ഞെടുപ്പ്, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജെഡിഎസിന് രാഷ്‌ട്രീയ അതിജീവന പോരാട്ടമാണോ ?. അതോ, 'തൂക്കുവിധി' വന്നാൽ 2018ലേതുപോലെ 'കിങ് മേക്കര്‍' ആവാനുള്ള സുവര്‍ണാവസരമാവുമോ ?. എന്തുതന്നെയായാലും, തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ ചോദ്യങ്ങള്‍ കന്നട മണ്ണിന്‍റെ 'എയറില്‍' സജീവമായുണ്ട്.
പ്രതാപം നഷ്‌ടപ്പെട്ട ഒരു 'കുടുംബ പാർട്ടി' എന്ന പ്രതിച്ഛായ ജെഡിഎസിന് ഇപ്പോഴുണ്ട് എന്നത് വസ്‌തുതയാണ്. എച്ച്‌ഡി ദേവഗൗഡയുടെ മകനും പാര്‍ട്ടിയിലെ പ്രമുഖ നേതാവുമായ കുമാരസ്വാമി സംസ്ഥാനത്തുടനീളം ജെഡിഎസ് പ്രചാരണങ്ങള്‍ മികവുറ്റതാക്കാന്‍ ആവുന്നതൊക്കെ ചെയ്‌തിരുന്നു. അതിന് അദ്ദേഹം അക്ഷീണം ഒറ്റയ്‌ക്ക് തന്നെ നേതൃത്വം നല്‍കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 'പഞ്ചരത്‌ന' എന്ന പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹം മിടുക്കുകാട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കർഷക ക്ഷേമം, തൊഴിൽ തുടങ്ങിയതാണ് തെരഞ്ഞെടുപ്പുകാലത്തെ ജെഡിഎസിന്‍റെ ആ 'പഞ്ചരത്‌നം'.
പ്രായംമറന്ന് ദേവഗൗഡയുടെ 'ഗസ്റ്റ് റോള്‍':89കാരനായ ദേവഗൗഡ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാലും, കഴിഞ്ഞ രണ്ടാഴ്‌ചകളിൽ പഴയ മൈസൂരു മേഖലയിലെ പാർട്ടിക്കോട്ടയിൽ പ്രചാരണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നു. തന്‍റെ പാർട്ടിക്കെതിരായ കോൺഗ്രസിന്‍റെയും ബിജെപിയുടേയും ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാനെന്ന് കാണിച്ച് വൈകാരികമായുള്ള ഒരിടപെടല്‍ കൂടിയായിരുന്നു ദേവഗൗഡയുടേത്. ജെഡിഎസ് 'ബി ടീം' ആണെന്നത് കോണ്‍ഗ്രസ് ബിജെപിക്കെതിരെയും തിരിച്ചും പ്രയോഗിക്കുന്ന ആയുധമാണ്. സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കാൻ പരമാവധി 35-40 സീറ്റുകൾ മാത്രമാണ് 'ബി ടീം' പ്രതീക്ഷിക്കുന്നതെന്ന ആരോപണവും ഇരു ദേശീയ പാർട്ടികളും ആരോപിച്ചിരുന്നു.
1999ൽ പാര്‍ട്ടി രൂപീകൃതമായതുമുതൽ, ജെഡിഎസ് ഒരുതവണ പോലും സ്വന്തം സർക്കാർ രൂപീകരിച്ചിട്ടില്ല. എന്നാൽ, രണ്ട് ദേശീയ പാർട്ടികളുമായും ചേര്‍ന്ന് രണ്ടുതവണ അധികാരത്തിലിരിക്കാന്‍ ആ പാര്‍ട്ടിക്കായി. 2006 ഫെബ്രുവരി മുതൽ 20 മാസം ബിജെപിക്കൊപ്പവും 14 മാസം കോൺഗ്രസിനൊപ്പവും. 2018 മെയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനും കുമാരസ്വാമിക്കായി. ഇത്തവണ, ആകെയുള്ള 224 സീറ്റുകളിൽ 123 സീറ്റുകളും നേടി സ്വന്തം നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ജെഡിഎസിന്‍റെ അതിമോഹം. 'മിഷൻ 123' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് ആ പാര്‍ട്ടി വോട്ടുപിടിക്കാന്‍ ഇത്തവണ ഇറങ്ങിയതും. കൂടാതെ, കന്നഡിഗരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുദേശീയ പാർട്ടികള്‍ക്കുമാവില്ലെന്നും അതിന് തങ്ങള്‍ക്കുമാത്രമേ കഴിയുള്ളൂവെന്നും പറഞ്ഞുള്ള പ്രചാരണവും.
ആ 'സംശയം' എല്ലാവര്‍ക്കുമുണ്ട്:ജെഡിഎസിന്‍റെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാവുന്നതിനെച്ചൊല്ലി രാഷ്‌ട്രീയ നിരീക്ഷകർക്കിടയിലും പാർട്ടിയുടെ തന്നെ ഒരു വിഭാഗത്തിനും തെല്ലല്ലാത്ത സംശയമുണ്ട്. 2004ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 58 സീറ്റും 2013ൽ 40 സീറ്റും നേടാനായി എന്നതാണ് പാർട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനം. 2018ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് 37 സീറ്റാണ് നേടിയത്. പ്രധാനമായും പഴയ മൈസൂര്‍ മേഖലയിലെ (ദക്ഷിണ കർണാടക) വൊക്കലിഗ ജാതി ബെൽറ്റിലൂടെ, പാർട്ടിക്ക് നേട്ടം കൈപ്പിടിയിലൊതുക്കാനായാല്‍ കാര്യങ്ങള്‍ അനുകൂലമാവും. ഇത് കണക്കിലെടുത്താല്‍ വോട്ടുശതമാനം 18-20 എന്ന നമ്പറുകളില്‍ വരെയെത്തും.