ബെംഗളൂരു (കർണാടക): കർഷക മനസ് വോട്ടാക്കിയും പണക്കൊഴുപ്പിന്‍റെ പോരാട്ടവും ഒരുപോലെയാണ് കർണാടകയിലെ രാഷ്‌ട്രീയപ്പോരിനുള്ളത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ വേരോട്ടമുള്ള മണ്ണ്. സോഷ്യലിസ്റ്റ് വളക്കൂറുള്ള കന്നഡ മണ്ണില്‍ ജെഡിഎസിനും സ്വാധീനം.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ശക്തമായ പ്രചാരണവും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് തിളച്ചുമറിയുകയാണ് കന്നഡ നാട്. ഭരണം നിലനിർത്താൻ ബിജെപിയും അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസും ശ്രമിക്കുമ്പോൾ പഴയ പ്രതാപത്തിന്‍റെ നിഴലില്‍ നിന്ന് പോരാടാനൊരുങ്ങുകയാണ് ജെഡിഎസ്. ബിജെപി തുടർഭരണമാണ് ലക്ഷ്യമിടുന്നതെങ്കിൽ 2018ല്‍ റിസോർട്ട് രാഷ്‌ട്രീയത്തിൽ തകർന്ന കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചുവരവിന്‍റെ തെരഞ്ഞെടുപ്പ് കൂടിയാണിത്.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജന്മനാട്ടില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മല്ലികാർജുൻ ഖാർഗെയ്‌ക്കും ഈ പോരാട്ടം ഏറെ നിർണായകമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെക്കാൾ ദേശീയ പാർട്ടികൾക്ക് കൂടുതൽ പിന്തുണയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുന്നതിനായി വ്യത്യസ്‌തങ്ങളായ തന്ത്രങ്ങളുമായാണ് ദേശീയ പാർട്ടികൾ കർണാടകയിൽ കളത്തിലിറങ്ങുന്നത്.
224 അംഗ കർണാടക നിയമസഭയുടെ നിലവിലെ കാലാവധി മേയ് 24ന് അവസാനിക്കും. 1985 മുതൽ ആർക്കും ഭരണത്തുടർച്ചയില്ലാത്ത കർണാടകയിൽ നിലവിൽ ബിജെപിയാണ് ഭരണപക്ഷത്തുള്ളത്. 119 എംഎൽഎമാരുടെ ഭൂരിപക്ഷത്തിലാണ് ബിജെപി അഞ്ച് വർഷം പൂർത്തിയാക്കിയത്. കോൺഗ്രസിന് 75 എംഎൽഎമാരും ജെഡിഎസിന് 28 എംഎൽഎമാരുമുണ്ട്. 2018ലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഒട്ടേറെ രാഷ്‌ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനം കൂടിയാണ് കർണാടക.
റിസോർട്ട് രാഷ്‌ട്രീയത്തിൽ മുങ്ങി: 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളും കോൺഗ്രസ് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളും നേടിയിരുന്നു. ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. ജെഡിഎസിലെ എച്ച്‌ഡി കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ ഒന്നര വർഷത്തിന് ശേഷം ശേഷം ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ 14 എംഎൽഎമാരും ജെഡിഎസിന്‍റെ മൂന്ന് എംഎൽഎമാരും രാജി സമർപ്പിച്ചു.
കർണാടകയിൽ റിസോർട്ട് രാഷ്‌ട്രീയത്തിന്‍റെ നാളുകളായിരുന്നു പിന്നീട്. എംഎൽഎമാരുടെ രാജിക്ക് പിന്നാലെ 2019 ഡിസംബറിൽ 15 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു. കർണാടക ഹൈക്കോടതിയിൽ ഹർജികൾ നിലനിൽക്കുന്നതിനാൽ മസ്‌കി (റായിച്ചൂർ ജില്ല), ആർആർ നഗർ (ബാംഗ്ലൂർ സൗത്ത് വെസ്റ്റ്) മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ഉപതെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിജെപി 12 സീറ്റുകൾ നേടി.