ബെംഗളൂരു: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900ത്തോളം നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തിയ ഡോക്‌ടറെയും ലാബ് ടെക്‌നീഷ്യനെയും അറസ്റ്റ് ചെയ്‌ത് ബെംഗളൂരു പൊലീസ്. ഡോ ചന്ദന്‍ ബലാല്‍, അദ്ദേഹത്തിന്‍റെ ലാബ് ടെക്‌നീഷ്യന്‍ നിസാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മൈസൂരുവിലെ ഒരു ആശുപത്രിയില്‍ നടത്തിയ ഓരോ ഗര്‍ഭച്ഛിദ്രത്തിനും 30,000 രൂപ വീതം ഇവര്‍ ഈടാക്കിയെന്നാണ് ആരോപണം (Karnataka doctor arrested for allegedly performed around 900 illegal abortions:).
കഴിഞ്ഞ ആഴ്‌ച ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രി മാനേജരും ഡോ ചന്ദന്‍ ലാലിന്‍റെ ഭാര്യയുമായ മീന, റിസപ്ഷനിസ്റ്റ് റിസ്‌മ ഖാൻ എന്നിവരെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം മാണ്ഡ്യയിൽ വച്ച് യുവതിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാര്‍ എന്നീ പ്രതികള്‍ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റ് പൊലീസ് തകർത്തത്.
മാണ്ഡ്യയിൽ അൾട്രാസൗണ്ട് സ്‌കാൻ സെന്‍ററായി ഉപയോഗിക്കുന്ന ജാഗിരി യൂണിറ്റിനെ കുറിച്ച് ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അവിടെ നിന്ന് പൊലീസ് സംഘം സ്‌കാൻ മെഷീൻ പിടിച്ചെടുത്തു, അതിന് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.