'പുഷ്‌പം പോലെ പ്രതിഷേധം'; ഭരണപക്ഷത്തിന്‍റെ ബജറ്റ് കേള്‍ക്കാന്‍ ചെവിയില്‍ പൂവും വച്ച് സഭയിലെത്തി കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരു: ഭരണപക്ഷത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കാന്‍ പ്രതിപക്ഷം നിയമസഭയിലും ലോക്‌സഭയിലും പ്രതിഷേധിക്കുന്നത് സ്വാഭാവിക കാഴ്‌ചയാണ്. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുക, മുദ്രാവാക്യങ്ങള്‍ വിളിക്കുക എന്നിവയ്‌ക്ക് പുറമെ ചിലപ്പോള്‍ കയ്യാങ്കളിയില്‍ വരെ പ്രതിഷേധം ചെന്നെത്താറുണ്ട്. എന്നാല്‍, കര്‍ണാടക നിയമസഭയിലെ ബജറ്റ് അവതരണ വേളയില്‍ ചെവിയില്‍ പൂവു വച്ച് എത്തിയ പ്രതിപക്ഷത്തിന്‍റെ വേറിട്ട പ്രതിഷേധ രീതിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയം.
പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യ, വികെ ഹരിപ്രസാദ് എന്നിവരാണ് ആദ്യം ചെവിയില്‍ പൂവ് വച്ച് എത്തിയത്. ശക്തമായ പ്രതിഷേധ സൂചകമായി ഒന്നല്ല, രണ്ട് ചെവിയിലും പൂവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ രംഗപ്രവേശം. പ്രതിപക്ഷ നേതാവിന് പിന്നാലെ വന്ന കോണ്‍ഗ്രസ് എംഎല്‍എ, പ്രകാശ് റാത്തോഡ് കൈനിറയെ പൂവുമായി ആണ് എത്തിയത്. ഭരണപക്ഷത്തിന്‍റെ ബജറ്റ് അവതരണത്തില്‍ പ്രോത്സാഹനം നല്‍കാനാണ് അദ്ദേഹം കൈനിറയെ പൂവുമായി എത്തിയത് എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി.
പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനായി പൂവിന് ഒരു കുറവും ഉണ്ടാകരുതെന്ന് കരുതിയാകണം അദ്ദേഹം സഭയിലെ പ്രതിപക്ഷ നിരയ്‌ക്ക് മുഴുവനും പൂവ് വിതരണം ചെയ്‌ത് തങ്ങളുടെ ചെവിയില്‍ ചൂടുവാന്‍ നിര്‍ദേശിച്ചു. എന്നിട്ടും, പ്രകാശ് റാത്തോഡ് അവസാനിപ്പിച്ചില്ല. ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് ബജറ്റ് പ്രസംഗം നിര്‍ത്തുവാനും തന്‍റെ കയ്യില്‍ നിന്ന് പൂവ് വാങ്ങി ചൂടുവാനും സ്‌പീക്കര്‍ മുഖാന്തരം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഭരണപക്ഷം നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ഈ വര്‍ഷവും അവര്‍ പുതിയ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ എത്തിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി സര്‍ക്കാരിന്‍റെ വാഗ്‌ദാനങ്ങള്‍ പൊള്ളയാണെന്നും വിശ്വസനീയമല്ലെന്നും സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥയാണ് തങ്ങള്‍ ചെവിയില്‍ പൂവ് ചൂടി പ്രടമാക്കിയതെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഭരണപക്ഷ അജണ്ഡയോടുള്ള തുറന്നടിച്ച പ്രതികരണമാണിതെന്ന് പ്രതിപക്ഷം പ്രതികരിച്ചു.
അതിനിടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയതില്‍ അസ്വസ്ഥരായ ഭരണപക്ഷം മുഖ്യമന്ത്രിയോട് ബജറ്റ് പ്രസംഗം പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.