ന്യൂഡല്‍ഹി: സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തീരുമാനിച്ചുവെന്ന വാർത്തകൾക്കിടെ അക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. ഇപ്പോൾ പ്രചരിക്കുന്ന തീയതികൾ അടക്കം അഭ്യൂഹങ്ങൾ മാത്രമാണെന്നും കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ പൂർത്തിയായിട്ടില്ല. ഇന്നോ നാളെയോ കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും രണ്ട് ദിവസത്തിനകം കർണാടകയില്‍ കോൺഗ്രസ് മന്ത്രിസഭ അധികാരമേല്‍ക്കുമെന്നും സുർജേവാല പറഞ്ഞു.
മാരത്തൺ ചർച്ചകൾ: കർണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചർച്ചകൾ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും പ്രത്യേകം ചർച്ചകൾ നടത്തി. എന്നാല്‍ എല്ലാം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നല്‍കുന്ന വിശദീകരണം.
വൊക്കലിഗ, ലിംഗായത്ത്, മുസ്ലിം, ദലിത് സമുദായങ്ങളെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ആരെല്ലാം വേണമെന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പദം അടക്കമുള്ള കാര്യങ്ങളില്‍ ചർച്ചകൾക്കായി ഇന്നലെ മുതല്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡല്‍ഹിയില്‍ തുടരുകയാണ്.