ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി സിദ്ധരാമയ്യയും ഡികെ ശിവകുമാറും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍, വ്യത്യസ്‌ത സമയങ്ങളിലായി എത്തിയാണ് ഇരുനേതാക്കളും കണ്ടത്. ബെംഗളൂരുവിൽ നിന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഡികെ ശിവകുമാർ വൈകുന്നേരം അഞ്ചിന് ശേഷമാണ് ഖാർഗെയുടെ വസതിയിലെത്തിയത്.
ALSO READ |'പിന്നില്‍ നിന്ന് കുത്തില്ല, ബ്ലാക്ക്‌മെയില്‍ ചെയ്യില്ല' ; പാർട്ടി അമ്മയെപ്പോലെയെന്ന് ഡികെ ശിവകുമാർ
ശിവകുമാർ പോയതിന് തൊട്ടുപിന്നാലെ, സിദ്ധരാമയ്യ രാജാജി മാർഗിലെ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് ആറിനാണ് എത്തിയത്. 30 മിനിറ്റാണ് സിദ്ധരാമയ്യ കൂടിക്കാഴ്‌ച നടത്തിയത്. ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചില്ല. അതേസമയം, കർണാടക മുഖ്യമന്ത്രിയെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന് ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'എല്ലാവരുടെയും അഭിപ്രായം കണക്കിലെടുക്കണം':'മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡൽഹിയിൽ നിന്ന് ഇത് അടിച്ചേൽപ്പിക്കാനുമാവില്ല. എല്ലാവരുടെയും അഭിപ്രായം കണക്കിലെടുക്കണം. കൂടിയാലോചിച്ച് വേണം മുഖ്യമന്ത്രി ആരായിരിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍' - അദ്ദേഹം പറഞ്ഞു. 'നടപടികൾ പുരോഗമിക്കുന്നു. നിരീക്ഷകർ ഇതിനകം എംഎൽഎമാരെ ചെന്ന് കണ്ടിട്ടുണ്ട്. എംഎൽഎമാർ അവരുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഇപ്പോൾ, അഭിപ്രായങ്ങൾ കേന്ദ്ര നേതൃത്വത്തിന്‍റെ കൈയിലാണുള്ളത്. അതിനാൽ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപനം വരും.' - പവന്‍ ഖേര വ്യക്തമാക്കി.