ബെംഗളൂരു:കർണാടക മുഖ്യമന്ത്രിയെ അടുത്ത 24 മണിക്കൂറിനുള്ളിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് നിരീക്ഷകർ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് സമര്‍പ്പിച്ചു. യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
ALSO READ |തലസ്ഥാനത്ത് 'തലവേദന', ഡി.കെയ്‌ക്ക് വയറുവേദന; ഡല്‍ഹി യാത്ര ഒഴിവാക്കി ശിവകുമാര്‍
മുൻ മുഖ്യമന്ത്രിയും അടുത്ത മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള പ്രമുഖ നേതാവുമായ സിദ്ധരാമയ്യ ഇന്ന് ഡൽഹിയിലെത്തിയിരുന്നു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തനിക്ക് വയറ്റില്‍ അണുബാധയെ തുടര്‍ന്ന് ഡൽഹിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഡികെ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ ഡികെ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനകള്‍ വന്നിരുന്നു.
സിദ്ധരാമയ്യയുടെ പറച്ചിലില്‍ ഡികെയ്‌ക്ക് അതൃപ്‌തി:താന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന് സിദ്ധരാമയ്യ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. ഇത് ഡികെ ശിവകുമാറിന് വലിയ അതൃപ്‌തി ഉണ്ടാക്കിയതായാണ് വിവരം. 'കോൺഗ്രസിന് ആകെ 135 എംഎൽഎമാരുണ്ട്. എനിക്ക് പ്രത്യേകം എംഎൽഎമാരൊന്നുമില്ല. തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്' - ശിവകുമാർ ഇന്ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുമായി വ്യക്തിപരമായി സംസാരിക്കാൻ കോൺഗ്രസ് മൂന്ന് നിരീക്ഷകരെ നിയോഗിച്ചിരുന്നു. ഈ നിരീക്ഷകരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.